കെട്ടിട നിര്‍മാണ നിയമം; ലെന്‍സ് ഫെഡ് കലക്ടറേറ്റ് മാര്‍ച്ച് 27ന്

മലപ്പുറം: പഞ്ചായത്തുകള്‍ക്ക് മാത്രമായി ലഘൂകരിച്ച കെട്ടിട നിര്‍മാണ നിയമം ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ലെന്‍സ് ഫെഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 27ന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണാ സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതേ ആവശ്യം ഉന്നയിച്ച് ജൂലൈ 10ന് സെക്രട്ടറിയേറ്റിന് മുന്നിലും സമരം നടത്തും. 

2007ല്‍ കേരള മുനിസിപ്പല്‍ ബില്‍ഡിംഗ് റൂള്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിച്ച് അന്നത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് ലഘൂകരിച്ച് കെട്ടിട നിര്‍മാണ നിയമം പഞ്ചായത്തുകളില്‍ നടപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നിയമം പിന്നീട് പിന്‍വലിക്കുകയാണ് ചെയ്തത്. പിന്നീട് വിവേചനത്തോടെ കേരളത്തിലെ 978 പഞ്ചായത്തുകളില്‍ 179 പഞ്ചായത്തുകളെ മാത്രം കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുത്തി ബാക്കിയെല്ലാം കാറ്റഗറി രണ്ടിലേക്ക് തരം താഴ്ത്തിയാണ് നിയമം നടപ്പിലാക്കുകയാണ് ഉണ്ടായത്. 

ഈ നിയമം മൂലം കാറ്റഗറി രണ്ടില്‍പ്പെട്ട പഞ്ചായത്തുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞു. രണ്ടാമത്തെ കാറ്റഗറിയില്‍പ്പെട്ട വലിയ വീടുകള്‍ക്കും 300 ചതുരശ്രമീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള ഫ്‌ളാറ്റുകള്‍ക്കും150 ചതുരശ്ര മീറ്റര്‍ വരെയുള്ള വാണിജ്യ കെട്ടിടങ്ങള്‍ക്കും പ്ലാന്‍ സമര്‍പ്പിച്ച് അനുവാദം വാങ്ങേണ്ടതില്ലെന്നാണ് നിര്‍ദേശം. പൊതു നിയമം പാലിച്ച് നിര്‍മാണം തുടങ്ങുന്നതിന് 10 ദിവസം മുമ്പ് പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. കെട്ടിട നിയമം മാത്രമല്ല, തീരദേശ സംരക്ഷണ നിയമം, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം, ദേശീയപാത സംരക്ഷണ ആക്ട്, റെയില്‍വേ ലൈനില്‍ നിന്നുള്ള അകലം എന്നിവ പാലിച്ച് നിര്‍മാണം നടത്താന്‍ ഏറെ പ്രയാസമുണ്ട്. 

രേഖാമൂലം അനുമതി ലഭിക്കാതെ നിര്‍മാണം നടത്തിയാല്‍ പൊതു ജനമാകും വിഷമിക്കുക. പഞ്ചായത്തുകളെ കാറ്റഗറി തിരിച്ചതുമായി ബന്ധപ്പെട്ട അപാകത പരിഹരിക്കാമെന്ന് ഈ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നതായും ലെന്‍സ് ഫെഡ് ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ അനുകൂല നിലപാട് സര്‍ക്കാര്‍ ഉറപ്പു പറയുമ്പോഴും കേരള പഞ്ചായത്ത് കെട്ടിട നിര്‍മാണ നിയമം പൂര്‍ണ രൂപത്തില്‍ നടപ്പാക്കുന്നത് അനിശ്ചിതമായി നീളുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധ ഭാഗമായാണ് കലക്ടറേറ്റ് ധര്‍ണാ സമരം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സമര സമിതി ചെയര്‍മാന്‍ ഗിരീഷ് തോട്ടത്തില്‍, ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ അഷ്‌റഫ്, സെക്രട്ടറി കെ മുഹമ്മദ് ഇഖ്ബാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് യു എ ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Lens fed collectrorate march on June 27th

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post