ഇരട്ടക്കൊല: രണ്ട് പേര്‍ പിടിയില്‍

അരീക്കോട്: കുനിയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ ഇരട്ടകൊലപാതകത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മമ്പാട് പുള്ളിപ്പാടം വയലിലകത്ത് താന്നിക്കുന്ന് ഫിറോസ്ഖാന്‍ (30), അരീക്കോട് പെരുമ്പറമ്പ് ചീക്കുളം റിയാസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ഇവരെ ഇന്ന് മഞ്ചേരി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കും.
മുഖ്യപ്രതിയെന്ന് കരുതുന്ന മുഖ്താര്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. കൊലപാതകം നടന്ന രാത്രി തന്നെ മുഖ്താറിന് വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. മുഖ്താറിന്റെ അളിയനാണ് അറസ്റ്റിലായ ഫിറോസ്ഖാന്‍. നിരവധി പേരെ കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. പ്രത്യേകാന്വേഷണ സംഘം തലവന്‍ തൃശൂര്‍ റൈഞ്ച് ഐ ജി. എസ് ഗോപിനാഥിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മുഖം മൂടി അണിഞ്ഞെത്തിയ അക്രമികള്‍ സഹോദരങ്ങളായ കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുനിയില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കത്തിക്കുത്തില്‍ കൊല്ലപ്പെട്ട അതഖുര്‍റഹ്മാന്‍ കൊലക്കകേസിലെ പ്രതികളാണ് കൊല്ലപ്പെട്ട ആസാദും അബൂബക്കറും.
കേസന്വേഷണവുമായി ബന്ധപ്പെട്ട് രാവിലെ അരീക്കോടെത്തിയ ഐ ജി അന്വോഷണ സംഘത്തില്‍പ്പെട്ട മലപ്പുറം എസ് പി. കെ സേതുരാമന്‍, പാലക്കാട് എസ് പി. എം പി ദിനേശ്, ഡി വൈ എസ് പി മാരായ എം പി മോഹനചന്ദ്രന്‍ നായര്‍, എസ് അഭിലാഷ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. അരീക്കോട് എം എസ് പി ക്യാമ്പില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.
അക്രമികള്‍ ഉപയോഗിച്ചെതെന്നു കരുതുന്ന സുമോ വാനും അക്രമികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച പിക്കപ്പ് ലോറിയും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കി. അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള വാഹനങ്ങള്‍ തൃശൂര്‍ റീജ്യനല്‍ ഫോറന്‍സിക് സെന്റര്‍ സയിന്‍സ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ അന്നമ്മാജോണ്‍ ആണ് ഫോറന്‍സിക് പരിശോന നടത്തിയത്. വിശദമായ പരിശോധനക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
അക്രമികള്‍ സഞ്ചരിച്ച വാഹനം ഓടിച്ച ഡ്രൈവറെന്ന് കരുതുന്ന സുധീഷിനെ രാത്രി വൈകിയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം നിലമ്പൂര്‍ പുള്ളിപ്പാടത്തു വെച്ചാണ് സുധീഷിനെ കസ്റ്റഡിയിലെടുത്തത്.

Keywords: Arrest, Areekode, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم