ഇന്ദിരാ ആവാസ് പദ്ധതി: 5455 പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും

മലപ്പുറം: ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഇതര സമുദായത്തില്‍പ്പെട്ടവര്‍ക്കും സൗജന്യമായി വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന കേന്ദ്രാവിഷ്‌കൃത ഇന്ദിരാ ആവാസ് പദ്ധതിയില്‍ 2012-13 ല്‍ 5455 ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തും. ഇതിനായി 24.5 കോടി വകയിരുത്തിയതായി ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.
60 ശതമാനം പട്ടികജാതി-വര്‍ഗക്കാര്‍ക്കും 15 ശതമാനം ന്യൂനപക്ഷ വിഭാഗക്കാര്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. 2010 ലെ ബി.പി.എല്‍ പട്ടിക പ്രകാരം പഞ്ചായത്തുകളിലെ പട്ടിക പരിഗണിച്ച് വി.ഇ.ഒ മാരുടെ അന്വേഷണത്തിന് ശേഷം ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്തതിന് ശേഷമാണ് ഗുണഭോക്താക്കളെ തീരുമാനിയ്ക്കുക.
ഗ്രാമ സഭകള്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് മുഖേന ഒരു വീട് നിര്‍മിക്കുന്നതിന് 48,500 രൂപയും വീടുകളുടെ അറ്റകുറ്റപ്പണിക്ക് 15,000 രൂപയുമാണ് നല്‍കുക. 2011-12 ല്‍ 10651 വീടുകളുടെ നിര്‍മാണമാണ് ഐ.എ.വൈ. പ്രകാരം ഏറ്റെടുത്തത്. ഇതില്‍ 4502 വീടുകള്‍ പൂര്‍ത്തിയായി. 6149 വീടുകളുടെ നിര്‍മാണം പുരോഗതിയിലാണ്.ആകെ 25.24 കോടി ചിലവഴിച്ചു.
1593 വീടുകള്‍ പുതുക്കി പണിയുന്നതിനായി ഏറ്റെടുത്തതില്‍ 1144 എണ്ണം പൂര്‍ത്തിയായി. 1.62 കോടി രൂപയാണ് ഈ ഇനത്തില്‍ വിനിയോഗിച്ചത്. 11.43 കോടി പട്ടികജാതി - വര്‍ഗക്കാര്‍ക്കും 9.05 കോടി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി വിനിയോഗിച്ചു.
ഇന്ദിരാ ആവാസ് യോജന ഹോംസ്റ്റെഡ് പദ്ധതി പ്രകാരം വീട് വെയ്ക്കാന്‍ ഭൂമി വാങ്ങുന്നതിന് കഴിഞ്ഞ വര്‍ഷം 55 ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കി. ഒരു ഗുണഭോക്താവിന് 10,000 രൂപ കണക്കിലാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് തുക നല്‍കിയത്. ആകെ 5.50 ലക്ഷം ഇതിനായി വിനിയോഗിച്ചു.
രണ്ട് പദ്ധതികളിലും ഗുണഭോക്താവാകാന്‍ താത്പര്യമുള്ളവര്‍ക്ക് അതത് ഗ്രാമപഞ്ചായത്തുകളുമായി ബന്ധപ്പെടണം.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post