ജില്ലയില്‍ 600 പേര്‍ക്ക് മഞ്ഞപ്പിത്തം: ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ

മലപ്പുറം: ജില്ലയില്‍ മഞ്ഞപ്പിത്തവും ജലജന്യ രോഗങ്ങളും പടരുന്നു. കഴിഞ്ഞ ആറുമാസത്തുനുള്ളില്‍ ജില്ലയില്‍ 600 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 

കൊണ്ടോട്ടി, ഒമാനൂര്‍ ഭാഗങ്ങളിലാണ് മഞ്ഞപിത്ത ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഡങ്കിപ്പനി, എലിപ്പനി, പന്നിപ്പനി എന്നിവയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 16 പേര്‍ക്ക് ഡങ്കിപനിയും പത്ത് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ക്ക് ഡെങ്കിപ്പനി ബാധിതരാണെന്ന് സംശയിക്കുന്നു. അവസാനമായി ഡങ്കി പനി റിപ്പോര്‍ട്ട് ചെയ്തത് കോഡൂരിലാണ്. 60ഓളം പേര്‍ക്ക് എലിപ്പനി ബാധ സംശയിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലയോര മേഖലയിലാണ് കൂടുതലായി എലിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചുങ്കത്തറ, എടവണ്ണ, മങ്കട എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗം കണ്ടെത്തിയിരിക്കുന്നത്. എച്ച് വണ്‍ എന്‍വണ്‍ ബാധ കണ്ടെത്തിയതായും ഡി എം ഒ ഡോ. സെക്കീന പറഞ്ഞു. മഴ ആരംഭിച്ചതോടെ വെള്ളം കെട്ടിനില്‍ക്കുന്നതും ചേറും ചെളിയും നിറയുന്നതുമാണ് രോഗം പടരാന്‍ ഇടയാക്കുന്നത്. മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കെണ്ടോട്ടി പ്രദേശങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും രോഗം പടരുന്നതിന് ആക്കം കൂട്ടുന്നതായി ജില്ലാ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെരിഞ്ഞ പ്രദേങ്ങളില്‍ മഴ പെയ്യുന്നതോടെ സെപ്റ്റിക് അടക്കമുള്ളവയില്‍ നിന്ന് മലിന ജലം കലര്‍ന്ന് താഴ് ഭാഗങ്ങളിലേക്ക് ഉറവ വരുന്നതാണ് വേഗത്തില്‍ മഞ്ഞപ്പിത്തം പടരാന്‍ ഇടയാക്കുന്നത്. 

താഴ്ഭാഗങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നതും എലികളും കൊതുക് ലാര്‍വകളും പെരുകാന്‍ ഇടയാക്കുന്നു.ഐസ്‌ക്രീം, സിപ്പപ്പ് എന്നിവയിലൂടെ മഞ്ഞപ്പിത്തം പടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രദേശങ്ങളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പ്രാദേശികമായുള്ള ഇത്തരം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം നിര്‍ത്തിവെപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സമീപത്ത് ഉപ്പിലിട്ടതും മറ്റ് അച്ചാറുകളും വിപണനം നടത്തുന്നത് നിയന്ത്രിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ ഇത് പ്രത്യേകമായി ശ്രദ്ധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം നല്‍കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശമുണ്ട്. 

റീവര്‍ ക്രൈസിസ് മാനേജ്‌മെന്റ് എന്ന പേരില്‍ 14 ബ്ലോക്കുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ നേതൃത്തിലുള്ള സംഘം അടുത്ത ദിവസം തന്നെ പ്രവര്‍ത്തനം തുടങ്ങും. ഇതിനായി 25 ഡോക്ടര്‍മാര്‍, 25 സ്റ്റാഫ് നഴ്‌സ്, 20 ഫാര്‍മസിസ്റ്റ്, 15 ലാബ് അസിസ്റ്റന്റ്, 30 ജൂനിയര്‍ ഹെല്‍ത്ത് ഓഫിസര്‍മാര്‍, 50 ക്ലീനിംഗ് തൊഴിലാളികള്‍, 25 സ്‌പ്രെമെന്‍ എന്നിവരെ അടുത്ത ദിവസം തന്നെ നിയമിക്കുമെന്ന ഡി എം ഒ അറിയിച്ചു. ഇതിനായുള്ള ഇന്റര്‍വ്യൂ അടുത്ത ആഴ്ച്ച നടത്തും. അന്യ സംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം ജില്ലയില്‍ അധികമായതിനാല്‍ മലമ്പനി പടരാന്‍ ഇടയുണ്ടെന്നും തൊഴിലുടമകള്‍ തൊഴിലാളികളെ കൃത്യമായ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English Summery
Hepatitis B to 600 persons

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post