കാലവര്‍ഷത്തില്‍ വിദ്യാഭ്യാസ ഓഫീസ് ചോര്‍ന്നൊലിക്കുന്നു

വണ്ടൂര്‍: മലപ്പുറം ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന ഓഫീസായി വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസ് മാറുന്നു.
ഓരോ കാലവര്‍ഷക്കാലത്തും ചൊര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നത്. ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ വിവിധ രേഖകളും മഴയില്‍ കുതിരുന്നതും തഥൈവ.
2006ലാണ് മലപ്പുറം ജില്ലയിലെ മൂന്നാമത് വിദ്യഭ്യാസ ജില്ലയായി വണ്ടൂരില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. വണ്ടൂര്‍ ടൂറിസ്റ്റ് ബംഗ്ലാവിനോട് ചേര്‍ന്നുള്ള പൊതുമരാമത്തിന്റെ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ആറ് വര്‍ഷം മുമ്പ് താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ഓഫീസ് ഇപ്പോഴും ഇവിടെത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.
52 സ്‌കൂളുകളും അരീക്കോട്, മേലാറ്റൂര്‍, വണ്ടൂര്‍,നിലമ്പൂര്‍ തുടങ്ങിയ ഉപജില്ല വിദ്യാഭ്യാസ ഓഫീസുകളുമാണ് വണ്ടൂര്‍ വിദ്യാഭ്യാസ ജി്ല്ലാ ഓഫീസിന്റെ പരിധിയിലുള്‍പ്പെടുന്നത്. ഈ സ്‌കൂളുകളിലെയെല്ലാം വിദ്യാര്‍ഥികളുടെയും സ്‌കോളര്‍ഷിപ്പ് ഫോറങ്ങള്‍, അധ്യാപകരുടെ പ്രൊവിഡന്റ് ഫണ്ട് രേഖള്‍ തുടങ്ങി ഓഫീസില്‍ സൂക്ഷിക്കുന്ന ഫയലുകളുടെ എണ്ണം ആയിരത്തിലേറെയാണ്. എന്നാല്‍ ഇവയെല്ലാം ഉള്‍കൊള്ളുന്നവിധത്തിലുള്ള ഓഫീസ് സംവിധാനമല്ല വണ്ടൂരിലുള്ളത്.
വര്‍ഷം ഏറെയായിട്ടും പൊതുമരാമത്തിന്റെ കീഴില്‍ സ്ഥലമുണ്ടായിട്ടും പുതിയ കെട്ടിടം നിര്‍മിക്കാന്‍ മാറിവന്ന സര്‍ക്കാറുകള്‍ ശ്രമിച്ചതുമില്ല.ഇതെ തുടര്‍ന്ന് കാലവര്‍ഷക്കാലം ജീവനക്കാര്‍ക്ക് ദുരിതകാലമാണ്. മഴപെയുമ്പോള്‍ ചോര്‍ച്ചയില്ലാത്ത ഭാഗങ്ങളിലേക്ക് പലരും ഇരിപ്പിടം മാറ്റും. ഫയലുകള്‍ക്ക് മുകളില്‍ കവര്‍ വിരിച്ചുമാണ് താത്കാലികമായി പ്രതിരോധിച്ചിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ഓഫീസില്‍ ചോര്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് ജീവനക്കാര്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുവന്നാണ് മറച്ച് താത്കാലിക പരിഹാരം കണ്ടെത്തിയത്. വിദ്യാഭ്യാസ ഓഫീസിലെ സൂപ്രണ്ടും മറ്റു ജീവനക്കാരും ചേര്‍ന്ന് പിരിച്ചെടുത്ത പണം കൊണ്ടാണ് ടാര്‍പോളിന്‍ വാങ്ങിയത്. അധ്യയന വര്‍ഷത്തിലെ തിരക്കുകള്‍ക്കിടയില്‍ നാല് മണിക്കൂറോളമാണ് ഇന്നലെ ഓഫീസ് ജീവനക്കാര്‍ ടാര്‍പോളിന്‍ കെട്ടിടത്തിന്റെ മുകളിലിടാന്‍ ചെലവഴിച്ചത്. നിരവധിതവണ മണ്ഡലം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഈ വിഷയം അവതരിപ്പിച്ചും നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപവും ശക്തമാണ്.

English Summery
Education dept office in miserable condition in rainy season

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم