കാര്‍ഷിക മേഖല പ്രതിസന്ധിയിലേക്ക്

മലപ്പുറം: കാലവര്‍ഷത്തോടനുബന്ധിച്ച് കൃഷിയിറക്കാന്‍ പദ്ധതിയിട്ട കര്‍ഷകര്‍ക്ക് വളങ്ങളുടെ വിലവര്‍ധനയും കടബാധ്യതകളും കാര്‍ഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ജില്ലയിലെ നെല്‍കര്‍ഷകരാണ് വളങ്ങളുടെ വിലവര്‍ധന കാരണം വിളയിറക്കാന്‍ മടിക്കുന്നത്. വളങ്ങളുടെ വിലനിയന്ത്രണാധികാരം കമ്പനികള്‍ക്കു സര്‍ക്കാര്‍ കൈമാറിയതോടെയാണ് വിലവര്‍ധനക്ക് കാരണമായത്.
നെല്‍കര്‍ഷകര്‍ കൂടുതലായി ഉപയോഗിക്കുന്ന വളമാണു ഫാക്ടം ഫോസും പൊട്ടാഷും. ഇവയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഫാക്ടംഫോസിന് 465 രൂപയുടെയും പൊട്ടാഷിന് 537 രൂപയുടെയും അമോണിയം സള്‍ഫേറ്റിന് 136 രൂപയുടെയും വര്‍ധനവാണുണ്ടായത്. ഒന്നാം വിള ആരംഭിക്കാനിരിക്കെ ഫാക്ടം ഫോസിന്റെയും പൊട്ടാഷിന്റെയും വിലകൂട്ടിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
പൊട്ടാഷിന് ചാക്കിന് 120 രൂപയുടെയും ഫാക്ടം ഫോസിന് 57 രൂപയുടെയും വര്‍ധനയാണുണ്ടായിരിക്കുന്നത്. ചാക്കിന് 767 രൂപയുണ്ടായിരുന്ന ഫാക്ടം ഫോസിന് 824 രൂപയായി. 680 രൂപയുണ്ടായിരുന്ന പൊട്ടാഷിന് 800 രൂപയായി. അമോണിയം സള്‍ഫേറ്റിന് 510 രൂപയാണ് വില. 2010ല്‍ 374 രൂപയായിരുന്നു വില. ഉത്പന്നങ്ങളുടെ വിലക്കുറവും കീടബാധയും മൂലം വിവിധ പ്രശ്‌നങ്ങളെ നേരിടുന്ന കര്‍ഷകര്‍ക്ക് ഫാക്ടം ഫോസിന്റെയും പൊട്ടാഷിന്റെയും വിലവര്‍ധന ഇരട്ടി പ്രഹരമായിരിക്കുകയാണ്.
യഥാര്‍ഥ കര്‍ഷകര്‍ ഇപ്പോള്‍ കൃഷിയില്‍ നിന്നൊഴിഞ്ഞ് പാട്ടത്തിന് നല്‍കുന്ന പ്രവണത കൂടിവരികയാണ്. കുടുംബശ്രീ യൂനിറ്റുകളും സ്വയംസഹായ സംഘങ്ങളുമൊക്കെയാണ് പാട്ടത്തിന് നിലമെടുക്കുന്നത്. വളം വില കൂടിയതോടെ ഇവര്‍ പാട്ടത്തിന് സ്ഥലമെടുക്കാന്‍ മടിക്കുകയാണ്. സ്ഥലമെടുക്കുന്നവര്‍ നാമമാത്രമായ തുകയാണ് സ്ഥലം ഉടമക്ക് നല്‍കുന്നത്.
കഴിഞ്ഞ തവണത്തെ വിളവെടുപ്പില്‍ സപ്ലൈകോ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച നൂറുകണക്കിന് മെട്രിക് ടെണ്‍ നെല്ലിനുള്ള കുടിശ്ശിക നല്‍കാത്തതും കര്‍ഷകരെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുയാണ്. നിലംനികത്തല്‍ മൂലം കൃഷിനിലങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനിടയില്‍ പരമ്പരാഗതമായി നെല്‍കൃഷി ചെയ്തിരുന്ന കുറച്ചുപേര്‍ ഇപ്പോഴും കൃഷിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. വളം വിലവര്‍ധനയും സാമ്പത്തിക പ്രതിസന്ധിയും ഇവരെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്.
Keywords: kerala, Malappuram,Agriculture

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post