മതമില്ലാത്ത ജീവന്‍; ഡിഡിഇ തെളിവെടുപ്പ് നടത്തി

അരീക്കോട്:  മതമില്ലാത്ത ജീവന്‍ എന്ന പാഠം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വിവാദമായതും വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചതുമായ സാമൂഹികപാഠം പുസ്തകം വീണ്ടും വിതരണം ചെയ്ത സംഭവത്തില്‍ ഡിഡിഇ കെ.സി. ഗോപി തെളിവെടുപ്പ് നടത്തി. അന്വേഷണ റിപോര്‍ട്ട് ഡിപിഐക്ക് കൈമാറി. മുണ്ടമ്പ്ര ജിഎംയുപി സ്കൂളില്‍ നേരിട്ടെത്തിയായിരുന്നു പരിശോധന. 124 വിദ്യാര്‍ഥികള്‍ക്ക് പുസ്തകം നല്‍കിയിരുന്നു. രക്ഷിതാക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതോടെ എഇഒയുടെ നിര്‍ദേശപ്രകാരം വിവാദ പാഠമുള്‍പ്പെട്ട 42 പുസ്തകങ്ങള്‍ തിരിച്ചുവാങ്ങി.

വിവാദ പാഠഭാഗം ഉള്‍പ്പെട്ടവ എത്രയെണ്ണമുണ്ടാകുമെന്ന് അറിയില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. 2008ലാണ് പുസ്തകം വിവാദമായത്. ആ വര്‍ഷം തന്നെ പുസ്തകം പിന്‍വലിച്ച് പുതിയ പാഠഭാഗം ചേര്‍ത്ത് നല്‍കിയിരുന്നു. പഴയ പുസ്തകം വീണ്ടും ഉള്‍പ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. കൊഴക്കോട്ടൂര്‍ എയുപിഎസ് സൊസൈറ്റിയില്‍നിന്നാണ് പുസ്തകം വാങ്ങിയത്. സൊസൈറ്റിയില്‍ പാഠപുസ്തകമെത്തിച്ചത് തപാല്‍ വകുപ്പാണ്. പുതിയ പുസ്തകങ്ങളാണ് സൊസൈറ്റി മുഖേന നല്‍കുന്നത്.

നേരത്തെ പുസ്തകം വിതരണം ചെയ്തിരുന്നത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ മുഖേനയായിരുന്നു. പുസ്തകത്തിന് നല്‍കിയ ഓര്‍ഡര്‍, ഇന്‍ഡന്റ്, സ്റ്റോക്ക് എന്നിവ ഡിഡിഇ പരിശോധിച്ചു. ചെറിയ വ്യത്യാസങ്ങളോടെ ഇറക്കിയ മൂന്നാം ക്ളാസിലെ ഇംഗിഷ്,

കണക്ക് പാഠപുസ്തകങ്ങളുടെ കൂട്ടത്തില്‍ പഴയ പുസ്തകങ്ങള്‍ ഉള്‍പ്പെട്ടതായിരിക്കാമെന്ന് അധ്യാപകര്‍ പറഞ്ഞു. മതമില്ലാത്ത ജീവന്‍ എന്ന പാഠഭാഗം മാറ്റി വിശ്വാസ സ്വാതന്ത്യ്രം എന്ന പാഠഭാഗത്തോടെയായിരുന്നു പുതിയ പുസ്തകം. എഇഒ കെ.കെ. ഉണ്ണിക്കൃഷ്ണന്‍, സീനിയര്‍ സൂപ്രണ്ട് വാസുദേവന്‍ എന്നിവരും സ്കൂളിലെത്തി. സംഭവത്തില്‍ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കെഎസ്ടിയു പ്രതിഷേധം
അരീക്കോട്:  മുണ്ടമ്പ്ര ഗവ. യുപി സ്കൂളില്‍ മതമില്ലാത്ത ജീവന്‍ പാഠഭാഗമുള്‍പ്പെടുത്തിയ പുസ്തകം വിതരണം ചെയ്ത സംഭവത്തില്‍ കെഎസ്ടിയു ഉപജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. പുസ്തകം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. സി. അബ്ദുറഹിമാന്‍ ആധ്യക്ഷ്യം വഹിച്ചു. കെ.ടി. ചെറിയ മുഹമ്മദ്, പി.കെ. സെയ്തലവി, സി.ടി. അബ്ദുല്‍നാസര്‍, സി.പി. അബ്ദുല്‍കരീം, പി. മുഹമ്മദ് ഷമീം, പി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم