ചെറുകുന്നില്‍ കണ്ടെത്തിയത് റസീനയുടെ മൃതദേഹം: പ്രതി അറസ്റ്റില്‍

മഞ്ചേരി: പുളിക്കല്‍ ചെറുകുന്നില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം 11 മാസം മുന്‍പ് കാണാതായ യുവതിയുടെതെന്നും സംഭവം കൊലപാതകമെന്നും തെളിഞ്ഞു. പ്രതിയെ മലപ്പുറം സി ഐ. ടി ബി വിജയനും സംഘവും അറസ്റ്റു ചെയ്തു. ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ കാഞ്ഞിരപ്പാറ ഹംസയുടെ മകള്‍ റസീന (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി കൊണ്ടോട്ടി ഒളവട്ടൂര്‍ ചെറുമുറ്റം മങ്ങാട്ടുചാലില്‍ മൊയ്തീന്‍ (42) ആണ് അറസ്റ്റിലായ്ത്. വിവാഹിതനും അഞ്ചു കുട്ടികളുടെ പിതാവുമാണ് മൊയ്തീന്‍ 2011 ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. കൊണ്ടോട്ടി ചെറുമുറ്റത്ത് പലചരക്കു കട നടത്തി വരികയായിരുന്ന പ്രതി തൊട്ടടുത്ത ഫാന്‍സി കടയിലേക്ക് സ്ഥിരമായി വരുന്ന റസീനയുമായി അടുപ്പത്തിലാവുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ മാതാവിനൊപ്പം താമസിച്ചു വരികയായിരുന്നു റസീന. ബന്ധം അതിരുവിട്ടപ്പോള്‍ റസീനയെ ഒഴിവാക്കാനുള്ള പ്രതിയുടെ ശ്രമം ഇവരെ പ്രകോപിതയാക്കി. പ്രതിയുടെ വീട്ടിലെത്തി റസീന ബഹളമുണ്ടാക്കിയിരുന്നു. പിന്നീട് അനുനയത്തില്‍ റസീനയെ പുളിക്കല്‍ വലിയപറമ്പ് ചെറുകുന്നിന് മുകളില്‍ വിമാനത്താവള സിഗ്നലിനടുത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മഫ്ത കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാറക്കെട്ടിനടിയിലേക്ക് വലിച്ചെറിയുകയായിരുന്നു. യുവതിയുടെ വസ്ത്രങ്ങള്‍ പാറയിടുക്കില്‍ നിന്നും കണ്ടെടുത്തത് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. അസ്ഥിക്കൂടത്തിന്റെ 86 കഷ്ണങ്ങളും യുവതി ധരിച്ചിരുന്ന വള, സ്വര്‍ണ മോതിരം, പാദസരം എന്നിവ സംഭവ സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു.
മൃതദേഹത്തില്‍ നിന്ന് സ്റ്റഡ്, വാച്ച്, മൊബൈല്‍ഫോണ്‍ എന്നിവ പ്രതി കവര്‍ന്നതായി പോലീസ് പറഞ്ഞു. ഈ മൊബൈല്‍ ഫോണാണ് ഒരു വര്‍ഷം മുമ്പ് നടന്ന കൊലപാതകത്തിന്റെ കേസന്വേഷണത്തിന് വഴിത്തിരിവായത്. യുവതിയെ കാണാതായതിനെ തുടര്‍ന്ന് മാതാവ് ആഇശ നല്‍കിയ പരാതിയില്‍ 2011 ആഗസ്റ്റ് 18ന് അരീക്കോട് പോലീസ് കേസെടുത്തിരുന്നു. അന്ന് മുതല്‍ നിരീക്ഷണത്തിലായിരുന്ന യുവതിയുടെ മൊബൈല്‍ഫോണ്‍ ആറുമാസത്തിന് ശേഷം ഉപയോഗിച്ചതാണ് പ്രതിയെ കുടുക്കിയത്.
യുവതിയുടെ ശരീര അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മലപ്പുറം ഡി വൈ എസ് പി അഭിലാഷിന്റെ നിര്‍ദ്ദേശ പ്രകാരം മലപ്പുറം സി ഐ ചാര്‍ജ്ജുള്ള ടി ബി വിജയന്റെ നേതൃത്വത്തില്‍ അരീക്കോട് എസ് ഐ മനോഹരന്‍, മഞ്ചേരിയിലെ എസ് ഐമാരായ കെ വി ശിവാനന്ദന്‍, ടി ഗംഗാധരന്‍, സീനിയര്‍ സി പി ഒ തോമസ്, സി പി ഒമാരായ സുഭാഷ്, ഷഹബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post