മോഷണക്കേസിലെ പ്രതി അറസ്റ്റില്‍

ചുങ്കത്തറ: വീടുകളില്‍ മോഷണം നടത്തുന്ന യുവാവ് പോലീസ് പിടിയിലായി. ചുങ്കത്തറ അണ്ടികുന്നിലെ വെള്ളയൂര്‍ മഠത്തില്‍ ബഷീറി(23)നെയാണ് എടക്കര എസ്.ഐ. കെ റഫീഖും സംഘവും പിടികൂടിയത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഏപ്രില്‍ 19ന് രാത്രി ചുങ്കത്തറ അങ്ങാടിയിലെ പുതുക്കൊള്ളി ബഷീറിന്റെ വീട്ടിലെ കിടപ്പ് മുറിയുടെ ജനലിലൂടെ കൈയിട്ട് ബഷീറിന്റെ ഭാര്യയുടെ കൈയിലെ വള ഊരി എടുക്കുകയും ജനലരികില്‍ വച്ചിരുന്ന മൊബൈല്‍ ഫോണ്‍ കവരുകയും ചെയ്തു. ഭാര്യയും ഉമ്മയും ഉംറക്ക് വേണ്ടി പോവാന്‍ തയ്യാറെടുത്തത് കാരണം പോലീസില്‍ പരാതി കൊടുത്തിരുന്നില്ല. എങ്കിലും സംഭവം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. കൂടാതെ മാര്‍ച്ച് 18ന് ചുങ്കത്തറ കുറ്റിമുണ്ട റോഡില്‍ കൊയപ്പകോലോത്ത് ഹമീദിന്റെ ഭാര്യ ഫാത്വിമയുടെ കഴുത്തില്‍ നിന്നും സമാനമായ രീതിയില്‍ രണ്ടര പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തിരുന്നു. വീട്ടുകാര്‍ ബഹളം വെച്ചെങ്കിലും പ്രതി ഓടിരക്ഷപ്പെട്ടു.
ഏപ്രില്‍ 17ന് രാത്രിയില്‍ ശങ്കരത്ത് കുഞ്ഞാലന്റെ മകള്‍ ഷരീക്കത്തും കുടുംബവും താമസിച്ചിരുന്ന വീടിന്റെ മേല്‍കൂരയുടെ ഓട് നീക്കി അകത്ത് കടന്ന് ഷരീക്കത്തിന്റെ കഴുത്തില്‍ നിന്നും മാല ഊരിയെടുക്കുകയും കാലില്‍ ധരിച്ചിരുന്ന പാദസരങ്ങള്‍ ബലമായി പൊട്ടിച്ചെടുക്കുകയും ചെയ്തു. എന്നാല്‍ മോഷണം പോയത് മുക്കുപണ്ടമായിരുന്നു. ഇത്തരത്തില്‍ രാത്രി മാലമോഷണം പതിവായതിനെ തുടര്‍ന്ന് പോലീസിന്റെ ജനമൈത്രി സുരക്ഷയുടെ ഭാഗമായാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Malappuram, Arrest, Edakkara, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم