ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രദേശം വി എസ് സന്ദര്‍ശിച്ചു

തിരൂര്‍: ഉദ്ഘാടനം പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്ന ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പ്രദേശം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം മൂന്നരയോടെയാണ് വി എസ് പദ്ധതി പ്രദേശത്ത് എത്തിയത്. ഒരു കിലോമീറ്റര്‍ നീളം വരുന്ന പാലത്തിന്റെ മുകളിലൂടെ വി എസ് കുറച്ചു ദൂരം നടന്നു. ഉടനെ തന്നെ തിരിക്കുകയാണ് ഉണ്ടായത്. തിരൂര്‍ കാവിലക്കാട്ടെ സി പി എം ഓഫീസ് ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് തന്റെ ഭരണകാലത്ത് ശിലയിട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് അതിവേഗ പദ്ധതി കാണാന്‍ വി എസ് ആഗ്രഹം പ്രകടിപ്പിച്ച് ചമ്രവട്ടത്തെത്തിയത്. വി എസ് പദ്ധതി പ്രദേശം സന്ദര്‍ശിക്കുമെന്ന വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിനാളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്നായി ഭാരതപ്പുഴയുടെ ഇരു കരകളിലും പാലത്തിനു മുകളിലും തടിച്ചുകൂടിയത്. തിരൂര്‍ ഭാഗത്ത നിന്ന് സന്ദര്‍ശനം നടത്തിയ വി എസ് പൊന്നാനി മേഖലയിലേക്ക് കടക്കാന്‍ കൂട്ടാക്കാതെ ഉടനെ തന്നെ തിരിക്കുകയായിരുന്നു. വി എസിന്റെ വരവും കാത്ത് പൊന്നാനി മേഖലയിലെ നരിപ്പറമ്പ് മേഖലയില്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ക്ക് വി എസിന്റെ മടക്കയാത്ര നിരാശയുണ്ടാക്കി. 2009 ആഗസ്റ്റ് 13ന് പൊന്നാനിയുടെ എം എല്‍ എയും തദ്ദേശസ്വയംഭരണ മന്ത്രിയുമായിരുന്ന പാലോളി മുഹമ്മദ്കുട്ടിയുടെ അധ്യക്ഷതയില്‍ അന്നത്തെ മുഖ്യമന്ത്രിയായ വി എസ് അച്യുതാനന്ദനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സിംഗിള്‍ വിന്റോ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റെക്കോര്‍ഡ് വേഗതയില്‍ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടയിലാണ് കേരളത്തില്‍ ഭരണമാറ്റം ഉണ്ടായത്. ഇതോടെ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഒരു വര്‍ഷം കൂടി കാത്തിരിക്കേണ്ടി വന്നു. ഈ മാസം 17ന് ഉദ്ഘാടനം പ്രതീക്ഷിക്കുന്ന പദ്ധതി പ്രകാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശിക്കാനെത്തിയത് ജനങ്ങള്‍ക്കാവേശം പകര്‍ന്നു. റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണ പുരോഗതിയെ കുറിച്ച് വി എസ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. കെ ടി ജലീല്‍ എം എല്‍ എ നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍, സി പി എം ജില്ലാ സെക്രട്ടറി, പി പി വാസുദേവന്‍ പ്രതിപക്ഷ നേതാവിനെ അനുഗമിച്ചു.

Keywords: Visit, Tirur, Inauguration, V.S. Achudanthan, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post