വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റം നിലനിര്‍ത്തണം: മുഖ്യമന്ത്രി

തിരൂര്‍: വിദ്യാഭ്യാസ മേഖലയില്‍ ജില്ല കൈവരിച്ച മുന്നേറ്റം നിലനിര്‍ത്താന്‍ കൂട്ടായ ശ്രമമുണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. വട്ടംകുളത്ത് ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളെജ് ഓഫ് അപ്ലയ്ഡ് സയന്‍സസിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സി.എച്ച്.മുഹമ്മദ്‌കോയ,നാലകത്ത് സൂപ്പി, ഇ.റ്റി.മുഹമ്മദ് ബഷീര്‍ എന്നിവരുടെ ശ്രമഫലമായാണ് ജില്ലയില്‍ വിദ്യാഭ്യാസ മേഖലയില്‍ ഉണര്‍വുണ്ടായതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കഠിനാധ്വാനം കൊണ്ട് വിജയം നേടാമെന്ന് മലപ്പുറം തെളിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഐ.എച്ച്.ആര്‍.ഡി. യ്ക്ക് ബജറ്റില്‍ 20 കോടി വകയിരുത്തിയത് വിദ്യാഭ്യാസ മേഖലയില്‍ പൊതുമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്-മുഖ്യമന്ത്രി അറിയിച്ചു.
വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷനായ ചടങ്ങില്‍ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി, കെ.റ്റി.ജലീല്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, മുന്‍ എം.പി.സി.ഹരിദാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ തദ്ദേശ സ്വയംഭണസ്ഥാപന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. കെട്ടിടവിഭാഗം ചീഫ് എന്‍ജിനിയര്‍ പി.കെ. സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ സഈദ് റാഷിദ് സ്വാഗതവും പ്രിന്‍സിപ്പല്‍ പി.അബ്ദു സമദ് നന്ദിയും
പറഞ്ഞു.
പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം നല്‍കിയ വി.അബ്ദുറഹ്മാനെ മുഖ്യമന്ത്രി ആദരിച്ചു. ബി.എസ്.സി.ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ കോഴ്‌സ് വിഷയങ്ങളില്‍ 200 ഓളം പേര്‍ പഠിക്കുന്ന കോളെജിനായി 1.20 കോടി ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ് കെട്ടിട നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.

Keywords: Tirur, Malappuram, Chief Minster, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم