ഏകാധ്യാപക വിദ്യാലയങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക്

മലപ്പുറം: കരാര്‍ കാലാവധി പൂര്‍ത്തിയായതോടെ സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളുടെ ഭാവി അനിശ്ചിതത്വത്തില്‍. വിദ്യാഭ്യാസ നിയമം പ്രാബല്യത്തിലിരിക്കെ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ച് പൂട്ടണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെയും നിയമത്തിന്റെയും പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങള്‍ അടച്ച് പൂട്ടാനുള്ള തീരുമാനം. ഇത് വരുന്നതോടെ ആയിരകണക്കിന് ആദിവാസി കുട്ടികളുടെ ഭാവി ഇതോടെ ഇരുളടയും.
സംസ്ഥാനത്തെ 354 ഏകാധ്യാപക വിദ്യാലയങ്ങളിലായി പതിനായിരത്തോളം വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. ഭൂരിഭാഗം സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് ആദിവാസി മേഖലകളിലാണ്. അട്ടപ്പാടിയില്‍ 25 ഉം, വയനാട്ടില്‍ 45 ഉം വിദ്യാലയങ്ങളാണുള്ളത്. പ്രൈമറി തല വിദ്യാഭ്യാസമാണ് ഇവിടെ നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ച് 31 വരെയായിരുന്നു വിദ്യാലയങ്ങളുടെ കാലവധി. 1998 മുതല്‍ ഡി ഡി പിക്ക് കീഴിലും 2003 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ സര്‍വ്വാ ശിക്ഷാ അഭിയാന് കീഴിലുമായിരുന്നു സ്‌കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം മുതല്‍ അധ്യാപകര്‍ക്ക് മോണേറ്റിയവും വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണ വിതരണവും നടത്തിയിരുന്നത് വിദ്യാഭ്യാസ വകുപ്പായിരുന്നു. 3000 രൂപയാണ് അധ്യാപകര്‍ക്കുള്ള മോണേറ്റിയം. എന്നാല്‍ ഇത് പലര്‍ക്കും ശരിയായ രീതിയില്‍ ലഭിക്കാറില്ലെന്നും പരാതിയുണ്ട്. ഈ അധ്യയന വര്‍ഷം മുതല്‍ ഏകാധ്യാപക വിദ്യാലയങ്ങളിലെ കുട്ടികളെ സമീപത്തെ പ്രൈമറി സ്‌കൂളുകളില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം. എന്നാല്‍ പല ആദിവാസി കോളനികളില്‍ നിന്നും സ്‌കൂളുകളിലേക്കുള്ള ദൂരം കിലോ മീറ്ററുകളാണ്. അത് കൊണ്ട് തന്നെ സ്‌കൂളിലേക്ക് പോകാന്‍ പല വിദ്യാര്‍ഥികളും മടിക്കും.
ഏകാധ്യാപക വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നതോടെ ആയിരകണക്കിന് ആദിവാസികുട്ടികളുടെ പഠനമാണ് വഴിമുട്ടുക. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ ഏകാധ്യാപക വിദ്യാലയം പുനാരംഭിക്കാന്‍ നടപടി വേണമെന്നാവശ്യം ശക്തമായിട്ടുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم