ചിരിപ്പിക്കുന്ന മുസ്തഫയ്ക്ക് പറയാനുള്ളത്

നാട്ടിലെ നാടക വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്ന ഹാസ്യ നടനായിരുന്നു മുസ്തഫ. ചിരിച്ചും ചിരിപ്പിച്ചും നടന്നിരുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം ഇന്ന് തീരാദുരിതമാണ്. ദുരന്തങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വേട്ടയാടാന്‍ കാത്തുനില്‍ക്കുന്നത് പോലെ.
നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന പാലക്കാട് കുമരനെല്ലൂര്‍ എറവക്കാട് വലിയകത്ത് മുസ്തഫ ജീവിതത്തിന്റെ പച്ചപ്പ് തേടിയാണ് 2003ല്‍ ബഹ്‌റൈനിലേക്ക് വിമാനം കയറിയത്. സഹോദരിയുടെ ഭൂമി വിറ്റാണ് വിസക്ക് പണം നല്‍കിയത്. ബാര്‍ബറായിരുന്ന മുസ്ഥഫ നാട്ടിലേക്കയക്കുന്ന പണം പിശുക്കിയും കടം വാങ്ങിയും ജോലിക്കുനിന്നിരുന്ന കട സ്വന്തമാക്കി. മാന്യമായി ജീവിതം നയിക്കുന്നതിനിടെ ഒരു തവണ നാട്ടില്‍ വന്നു. സഹോദരിയുടെ ഭൂമി തിരിച്ചുവാങ്ങിച്ചു നല്‍കി. ബഹ്‌റൈനിലേക്ക് തന്നെ തിരിച്ചുപോയി. മുസ്ഥഫ ഒപ്പം മറ്റൊരു കടകൂടി വാങ്ങാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ഈ പ്രവാസിയുടെ ജീവിതം മാറ്റിമറിച്ച ദുരന്തമുണ്ടായത്. 2006 ഒക്‌ടോബര്‍ 13 രാത്രി 8.30ന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. മുസ്തഫയെ ശിയാ വിഭാഗത്തില്‍പ്പെട്ട തദ്ദേശീയരായ ഒരു സംഘം തടഞ്ഞുനിര്‍ത്തി. ഇന്ത്യക്കാരനാണോയെന്ന് ചോദിച്ചു. അതെയെന്ന് മറുപടി പറഞ്ഞു. പിന്നെ കൊടിയ മര്‍ദ്ദനമായിരുന്നു. കൈയും കാലും കെട്ടിയിട്ടുള്ള ക്രൂരമര്‍ദനത്തിനൊടുവില്‍ വാളെടുത്ത് കഴുത്തിന് നേരെ വീശിയെങ്കിലും കൈകൊണ്ട് തടഞ്ഞതിനാല്‍ കൈകള്‍ക്ക് സാരമായ മുറിവേറ്റു.
 മരണമുഖത്തു നിന്നു രക്ഷപെട്ട മുസ്ഥഫ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയിലായി. മരിച്ചെന്ന് കരുതി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഏറെ സമയത്തിന് ശേഷം അതുവഴി വന്ന മറ്റൊരു മലയാളിയാണ് മുസ്ഥഫയെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് സുമനസുകളുടെ കാരുണ്യത്താല്‍ ഒരു മാസത്തോളം ബഹറൈനില്‍ ചികിത്സ നടത്തി. ഇന്ത്യക്കാരനു നേരെയുണ്ടായ ആക്രമം ബഹറൈന്‍ പത്രങ്ങളില്‍ വലിയ വാര്‍ത്തയായി വന്നപ്പോള്‍ മുസ്തഫ നല്‍കിയ പരാതി പിന്‍വലിക്കാന്‍ സ്‌പോണ്‍സര്‍ നിര്‍ബന്ധിച്ചു. ഭീഷണിയായി. ഒടുവില്‍ നവംബറില്‍ നാട്ടിലേക്ക് മടങ്ങി. ചികിത്സ ലഭിച്ചെങ്കിലും ശരീരത്തിന്റെ പാതി തളര്‍ന്നിരുന്നു. തുടര്‍ന്ന് നാലുമാസത്തെ ചികിത്സക്ക് ശേഷം ജോലി ചെയ്യാമെന്ന അവസ്ഥയിലായി. കടം കയറിയതോടെ സഹോദരിക്ക് വാങ്ങി നല്‍കിയ സ്ഥലം വിറ്റു. രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബം തൃശൂര്‍ ജില്ലയിലെ ചൂണ്ടലില്‍ വാടക വീട്ടിലെത്തി. അവിടെ ഒരു ബാര്‍ബര്‍ഷോപ്പ് തുടങ്ങി.
 ജീവിതം പച്ചപിടിച്ചതോടെ അടുത്ത ദുരന്തം മുസ്തഫയെ തേടിയെത്തി. സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് മറിഞ്ഞു. തലയടിച്ചുവീണ മുസ്തഫയുടെ തലച്ചോറില്‍ നിന്ന് കണ്ണിലേക്കുള്ള ഞരമ്പ് പൊട്ടി. ഇതോടെ ഇടതു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നശിച്ചു. വലുത കണ്ണിനും കാഴ്ച കുറഞ്ഞു. ഇത്തവണയും ചികിത്സക്കായി വന്‍ തുക കടമായി. ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്നത് പോലെ ഇതിനിടെ മുസ്ഥഫയെ അണലി കടിച്ചു. വീണ്ടും ആശുപത്രിയില്‍. പുറത്തിറങ്ങിയ മുസ്ഥഫയെ ദുരന്തം വിട്ടൊഴിഞ്ഞില്ല. വീണ്ടും പാമ്പുകടിയേറ്റ് മുസ്ഥഫ ആശുപത്രിയിലായി. ഇത്തവണ വെള്ളിക്കെട്ടനാണ് മുസ്ഥഫയുടെ ശരീരത്തില്‍ പല്ലിന്റെ മൂര്‍ച്ച പരീക്ഷിച്ചത്. ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്കായിയുന്നു ഓരോ രക്ഷപ്പെടലും. ഒടുവില്‍ വേലിയിലിരുന്ന പച്ചിലപാമ്പും മുസ്ഥഫയുടെ കണ്ണില്‍ കൊത്തി. ഇന്ന് അവശനാണ് മുസ്ഥഫ. യാത്ര ചെയ്താല്‍ ഇപ്പോള്‍ തലകറക്കമുണ്ട്. എന്നിട്ടും ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും പോറ്റാന്‍ പാടുപെടുകയാണ്. 
ജീവിതത്തില്‍ ദുരന്തങ്ങളുമായി നടക്കുന്ന ഈ മനുഷ്യന്‍ കണ്ണിലെ പാതി വെളിച്ചവുമായി അലയുകയാണ്. മലപ്പുറം കലക്‌ട്രേറ്റില്‍ പ്രവാസി ക്ഷേമനിധിയും അതിന്റെ പ്രശ്‌നങ്ങളും വിവിധ സംഘടനാപ്രതിനിധികളും വ്യക്തികളും നിയമസഭാ സമിതിക്ക് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ തന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങള്‍ സമിതിക്ക് മുന്നില്‍ വിവരിക്കാനാകാതെ മുസ്ഥഫ വിതുമ്പി. അത് കാഴ്ച നഷ്ടപ്പെട്ട കണ്ണില്‍നിന്നുള്ള കണ്ണുനീരായി. ഇടറിയ കണ്ഠത്തോടെ മുസ്ഥഫ പറഞ്ഞു, എല്ലാം അതില്‍ എഴുതിയിട്ടുണ്ട്. പറഞ്ഞുതീരും മുമ്പ് മുസ്ഥഫയുടെ വാക്കുകള്‍ പൊട്ടിക്കരച്ചിലായി.
- തസ്‌ന നെടുവഞ്ചേരി

Keywords: Article, Malappuram, Thasna Neduvanjeri, Musthafa

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم