സ്‌കൂള്‍ വിപണി: ബ്രാന്‍ഡു ഉത്പന്നങ്ങളുടെ കൊയ്ത്ത്

മലപ്പുറം: വേനലവധിയുടെ പകുതിയോടെ സ്‌കൂള്‍ വിപണി സജീവം. സ്‌കൂളുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ച് ഫലം വന്നതോടെ അടുത്ത അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും. പുത്തന്‍ മണം മാറാത്ത പുസ്തകങ്ങളും. ബാഗുകളുമില്ലാതെ സ്‌കൂളുകളിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കാനെ വയ്യ കുട്ടികള്‍ക്ക്. എന്നാല്‍ സ്‌കൂള്‍ വിപണി ലക്ഷ്യം വെച്ചുള്ള വിലവര്‍ധന താങ്ങാനാവാതെ രക്ഷിതാക്കള്‍ പാടു പെടുകയാണ്. 
പുസ്തകങ്ങള്‍ക്കും ബാഗുകള്‍ക്കും എന്നു വേണ്ട പെന്‍സിലിന് വരെ വില വര്‍ധിച്ചിട്ടുണ്ട്. ബാഗുകള്‍ക്ക് 20-ഉം 30ഉം വില കൂടിയപ്പോള്‍, നോട്ടു ബുക്കുകള്‍ക്ക് 4 മുതല്‍ 5 രൂപ വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. കുടകള്‍ക്കാകട്ടെ 25-മുതല്‍ 60 വരെ വില വര്‍ധിച്ചു. ഇതു വരെ ആവശ്യമില്ലാതെ കിടന്നിരുന്ന സ്ലേറ്റ് പെന്‍സിലിന് വരെ വില കൂടി. 
ബ്രാന്‍ഡു ഉത്പന്നങ്ങള്‍ക്കാണ് മാര്‍ക്കറ്റില്‍ ഡിമാന്റ്. ബാഗും ടിഫിന്‍ ബോക്‌സും വാട്ടര്‍ ബോട്ടിലും വരെ ആളുകള്‍ വാങ്ങുന്നത് ബ്രാന്‍ഡഡ് ഉത്പന്നങ്ങലളാണ്. തദ്ദേശിയര്‍ നിര്‍മ്മിക്കുന്ന ബാഗുകള്‍ക്കും കുടകള്‍ക്കും ഡിമാന്റ് കുറവാണ്. ബ്രാന്‍ഡ് ബാഗുകള്‍ക്ക് 215 മുതല്‍ 1200 വരെ വില ഈടാക്കുമ്പോള്‍, നാടന്‍ ബാഗുകള്‍ക്ക് 150 മുതല്‍ 450 രൂപ വരെയാണ് വില. പല വര്‍ണത്തില്‍ വ്യത്യസ്ത മോഡലുകളില്‍ ഇറങ്ങുന്ന ബ്രാന്‍ഡ് ഉത്പന്നങ്ങളെ കവച്ചു വെക്കാന്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്കാകുന്നില്ല എന്നതാണു സത്യം. ചെവിയും കണ്ണും, മൂക്കും മുഴലിന്റെ തലയും ഒക്കെയായി ബാഗും കുടകളും വമ്പന്‍ കമ്പനികള്‍ പുറത്തിറക്കുമ്പോള്‍ കുടുംബശ്രീ, അയല്‍കൂട്ടങ്ങള്‍ തുടങ്ങി ചെറുകിട നിര്‍മാതാക്കള്‍ക്ക് ഒരേ തരത്തിലുള്ള ഉത്പന്നങ്ങള്‍ മാത്രമെ നിര്‍മിക്കാനാവുന്നുള്ളു.വമ്പന്‍ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വശീകരിക്കാനും ഇവര്‍ക്കാകുന്നില്ല. കുടകള്‍ക്ക് മറ്റു വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വില്‍പന കുറവാണ്. 
വിപണി കീഴടക്കാന്‍ വിദേശ ഉത്പന്നങ്ങള്‍ ഇത്തവണയും എത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നാണ് കൂടുതല്‍ ഉത്പന്നങ്ങള്‍. വിവിധ തരത്തിലുള്ള ബാഗ്, കുട, പെന്‍സില്‍ ബോക്‌സ്, പൗച്ച് തുടങ്ങിവയാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന മുഖ്യ ഉത്പന്നങ്ങള്‍. മുത്തും, ലൈറ്റുകളും ഘടിപ്പിച്ച കുടകള്‍ക്കു പുറമെ വിവിധ തരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ബാഗുകളാണ് ചൈനീസ് ഉത്പന്നത്തിലെ താരം. ഇവക്കു പുറമെ ഉത്തരേന്ത്യയില്‍ നിന്നെത്തുന്ന സ്ലേറ്റുകളും ഇത്തവണ സ്‌കൂള്‍ വിപണി കീഴടക്കിയിട്ടുണ്ട്. 
പല വര്‍ണ്ണങ്ങളിലുള്ള കുടകളും വാട്ടര്‍ ബോട്ടിലുകളും കൊണ്ട് അലങ്കരിച്ചാണ് മിക്ക ഷോപ്പുകളും വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുന്നത്. നെയിം സ്ലിപ്പുകള്‍ വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ സൗജന്യമായി നല്‍കിയാണ് കച്ചവടക്കാര്‍ ഉപഭോക്താക്കളെ വശീകരിക്കുന്നത്.


Keywords: Malappuram, Article, School, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم