മുസ്‌ലിംലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം


മഞ്ചേരി: മുസ്‌ലിംലീഗിന്റെ രൂപീകരണ കാലത്തു തന്നെ പാര്‍ട്ടിക്കു വേരോട്ടം ലഭിച്ച മണ്ണില്‍ നടന്ന ജില്ലാ സമ്മേളനം ജനബാഹുല്യം കൊണ്ട് ചരിത്രസംഭവമായി. ഏപ്രില്‍ 21ന് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിന് സമുജ്ജ്വല സമാപ്തി.
നാല് മണിക്ക് ആരംഭിച്ച ഗ്രീന്‍ഗാര്‍ഡ് പരേഡോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. കൃത്യമായ ചുവടുകളും സംഘശക്തിയുടെ അജയ്യതയും വിളിച്ചോതിയ ഗ്രീന്‍ഗാര്‍ഡ് പരേഡ് നഗരവീഥികളെ ആവേശം കൊള്ളിച്ചു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളില്‍ നിന്നുമായി കാല്‍ലക്ഷത്തിലധികം വളണ്ടിയര്‍മാര്‍ ഒന്നിച്ച് അടിവെച്ചു നീങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നഗരം പ്രകമ്പനം കൊണ്ടു.
ജനബാഹുല്യം ഭയന്ന് ബഹുജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രകടനം ഒഴിവാക്കിയിരുന്നുവെങ്കിലും രാവിലെ മുതല്‍ തന്നെ നഗരത്തില്‍ പതിനായിരങ്ങളെത്തി. ഒരു ലക്ഷത്തോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടലെങ്കിലും അതെല്ലാം തെറ്റിക്കുന്ന വിധത്തിലായിരുന്നു ജനങ്ങളുടെ കുത്തൊഴുക്ക്. 

രാവിലെ തന്നെ നഗരത്തിലെ എല്ലാ വഴികളും പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. ശിഹാബ് തങ്ങള്‍ നഗര്‍ ലക്ഷ്യമാക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഹരിതപതാകയുമേന്തി ചെറുതും വലുതുമായ വാഹനങ്ങളും ഒറ്റയ്ക്കും കൂട്ടായുമായ പ്രകടനങ്ങളും മുദ്രാവാക്യങ്ങളുടെയും പാര്‍ട്ടി താരാട്ടുകളുടെയും അകമ്പടിയോടെയെത്തി.
ഗ്രീന്‍ഗാര്‍ഡ് പരേഡിന് വന്‍ സ്വീകരണമായിരുന്നു. വെളുത്ത നിറത്തിലുള്ള പാന്റും പച്ച നിറത്തിലുള്ള ഷര്‍ട്ടും തൊപ്പിയും ഷൂസും അണിഞ്ഞ ഗ്രീന്‍ ഗാര്‍ഡുകളുടെ പരേഡ് ഗംഭീരവും അവിസ്മരണീയവുമായി. ജില്ലാ മുസ്‌ലിംലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഷ്‌റഫ് കോക്കൂര്‍, എംകെ ബാവ, പി സൈതലവി മാസ്റ്റര്‍,ടിവി ഇബ്രാഹിം, സലീം കുരുവമ്പലം, എംഎ ഖാദര്‍, അഡ്വ എം റഹ്മത്തുല്ല, പിഎം ഹനീഫ്. നൗഷാദ് മണ്ണിശ്ശേരി, ഉസ്മാന്‍ താമരത്ത്, ടിപി അഷ്‌റഫലി, നഹാസ് പാറക്കല്‍, ടി ശാജഹാന്‍, ഉമര്‍ ഒട്ടുമ്മല്‍, പിഎംകെ കാഞ്ഞിയൂര്‍, സികെ റസാക്, തുടങ്ങിയവര്‍ മുന്‍നിരയില്‍ അണിനിരന്നു. ഗ്രീന്‍ ഗാര്‍ഡ് ക്യാപ്റ്റന്‍ ഇപി ഹനീഫ് മാസ്റ്റര്‍, വൈസ് ക്യാപ്റ്റന്‍മാരായ യുകെ മമ്മദിശ, സലീം മണ്ണിശ്ശേരി തുടങ്ങിയവരും നേതൃത്വം നല്‍കി. 

നേതാക്കള്‍ക്ക് തൊട്ടുപിറകില്‍ ഓരോ മണ്ഡലവും അടിവെച്ചു. മണ്ഡലം ടീമുകളുടെ മുന്‍നിരയില്‍ മണ്ഡലം ഭാരവാഹികള്‍ നേതൃത്വം നല്‍കി. മൂന്ന് നിരകളിലായാണ് ഗ്രീന്‍ ഗാര്‍ഡുകള്‍ മാര്‍ച്ച് ചെയ്തത്. ഒരോ ക്യാപ്റ്റന്‍ ഉള്‍പ്പെടെ 34 അംഗങ്ങളുള്ള യൂണിറ്റുകളാക്കിയായിരുന്നു ഓരോ ട്രൂപ്പും അടി വെച്ചത്. മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് പുറപ്പെട്ട മാര്‍ച്ചുകളും ജസീല ജംഗ്ഷനില്‍ സംഗമിച്ച് പ്രധാന നഗരം വഴി കച്ചേരിപ്പടിയിലെത്തി ബൈപാസിലൂടെ സമ്മേളന നഗരിയിലെത്തുമ്പോള്‍ സൂചി കുത്താനിടമില്ലാതെ നിറഞ്ഞ് കവിഞ്ഞിരുന്നു. 

പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വച്ചു. മുസ്‌ലിംലീഗ് അഖിലേന്ത്യേ പ്രസിഡണ്ടും വിദേശകാര്യ -മാനവവിഭവശേഷി വകുപ്പ് മന്ത്രിയുമായ ഇ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഇടി മുഹമ്മദ് ബഷീര്‍ എംപി, കെപിഎ മജീദ്, എംപി അബ്ദുസമദ് സമദാനി, ഡോ എംകെ മുനീര്‍, പികെ അബ്ദുറബ്ബ്, വികെ ഇബ്രാഹിം കുഞ്ഞ്, മഞളാം കുഴി അലി, കെഎം ഷാജി, പിവി അബ്ദുല്‍ വഹാബ്, കെ കുട്ടി അഹമ്മദ് കുട്ടി, എംഐ തങ്ങള്‍ ,പ്രസംഗിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, തമിഴ്‌നാട് മുസ്‌ലിംലീഗ് സെക്രട്ടറി അബൂബക്കര്‍, തുടങ്ങിയവരും എംഎല്‍എമാരും സന്നിഹതിരായിരുന്നു.
മുസ്‌ലിംലീഗ് ജില്ലാജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സ്വാഗതവും സെക്രട്ടറി സലീം കുരുവമ്പലം നന്ദിയും പറഞ്ഞു.




Keywords: IUML, Muslim League, Conference, Manjeri, Malappuram,

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post