മഞ്ചേരി: കാടും പരിസ്ഥിതിയും ജൈവവൈവിധ്യവും അടുത്തറിയാന്‍ ‘കുട്ടിക്കൂട്ടം’ സൈലന്‍റ്വാലിയിലേക്ക്. ‘കുട്ടിക്കൂട്ടം’ അവധിക്കാല പരിശീലനക്കളരിയിലെ തെരഞ്ഞെടുത്ത 45 കുട്ടികളാണ് മെയ് 28, 29, 30 തീയതികളില്‍ വനംവകുപ്പിന്‍െറ സഹകരണത്തോടെ സൈലന്‍റ്വാലിയിലും തത്തേങ്ങലം വനത്തിലുമായി നടക്കുന്ന ‘കാടറിവുയാത്ര’യില്‍ പങ്കെടുക്കുക. വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ എസ്. ശിവദാസ് ഐ.എഫ്.എസ്, റെയ്ഞ്ച് ഓഫീസര്‍ എം. ഷിജില്‍, വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ലീഗല്‍ ഡയറക്ടര്‍ ടോണി തോമസ്, സാഹിത്യകാരന്‍ രാജഗോപാല്‍ പള്ളിപ്പുറം, പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്.പി. സൂര്യപ്രകാശ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസെടുക്കും.
കുട്ടികളുടെ സര്‍ഗശേഷിയും പഠനോല്‍സുകതയും ആത്മവിശ്വാസവും വളര്‍ത്തുക ലക്ഷ്യംവെച്ച് പന്തലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നുവരുന്ന ‘കുട്ടിക്കൂട്ടം’ അവധിക്കാല പരിശീലനക്കളരി ഏപ്രില്‍ 8നാണ് ആരംഭിച്ചത്. പഠിക്കാന്‍ എന്തെളുപ്പം, ജയിക്കാന്‍ പഠിക്കാം, ഓര്‍മിച്ചെടുക്കാന്‍ എളുപ്പവഴികള്‍, വരയ്ക്കാന്‍ പഠിക്കാം, വ്യക്തിത്വവികാസം, കുട്ടികള്‍ സ്വയം നിര്‍മിക്കുന്നു, ഭാവനയുടെ ആകാശത്തേക്ക്, നാടന്‍പാട്ട്, ആരോഗ്യപാഠങ്ങള്‍, തിന്നാന്‍ പഠിക്കാം തുടങ്ങിയ വിഷയങ്ങളില്‍ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഇതിനകം പരിശീലനം നടത്തിക്കഴിഞ്ഞു. നാടിനെ അറിയാം, നാട്ടറിവു തേടി, നാടകക്കളരി, പാവനിര്‍മാണം, പാവനാടകം, പാടാം പഠിക്കാം, നമുക്കും പത്രമിറക്കാം തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍ന്ന് പരിശീലനം നടക്കും. മേയ് 28, 29, 30, ജൂണ്‍ 1, 2 തീയതികളിലാണ് ഇനി ‘കുട്ടിക്കൂട്ടം’ ക്യാമ്പുകള്‍ നടക്കുക. സ്കൂള്‍ തുറന്നുകഴിഞ്ഞും ഞായറാഴ്ചകളില്‍ കുട്ടിക്കൂട്ടം തുടരും.
മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട്, പന്തലൂര്‍ പ്രദേശങ്ങളില്‍നിന്നായി മുന്നൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. നാലാം ക്ളാസ് മുതല്‍ പ്ളസ് ടു വരെയുള്ള കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കാം. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക: 9496909292, 9645006028.
Key words: Malappuram, Silent valley ,Toor programme
Post a Comment