'കാലം' എക്‌സിബിഷന്‍ തുടങ്ങി

മഞ്ചേരി: മുസ്‌ലിംലീഗിന്റെ ഇന്നലെകളെക്കുറിച്ച ചരിത്രം ഓര്‍മിച്ചെടുക്കാന്‍ 'കാലം' എക്‌സിബിഷന്‍ പ്രേരണ നല്‍കുമെന്ന് അഡ്വ. എം ഉമ്മര്‍ എം.എല്‍.എ പ്രസ്താവിച്ചു. മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് സമ്മേളനത്തോടനുബന്ധിച്ച് മഞ്ചേരിയില്‍ സംഘടിപ്പിച്ച 'കാലം' എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ സമഗ്രവിവര ശേഖരം തന്നെ ഒരുക്കിയ ഈ സംരംഭത്തിന് പഴയ കാലഘട്ടത്തെ ഓര്‍ത്തെടുക്കാനും സ്മരണകള്‍ പിറകോട്ടുകൊണ്ടുവരാനും സാധിക്കും. ഇന്നലെകളുടെ ആവേശവും പാര്‍ട്ടിക്ക് കരുത്തുപകരുകയും ചെയ്ത സീതിഹാജിയുടെ നാമധേയത്തില്‍ ഒപുക്കിയ നഗര്‍ എന്തുകൊണ്ടും ആവേശം വിതറുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷതവഹിച്ചു. ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സ്വാതന്ത്ര്യാനന്തരം ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദേശിച്ചത് മുസ്‌ലിംലീഗ് പ്രമേയങ്ങളായിരുന്നു. രാഷ്ട്രനിര്‍മാണത്തിന് കാര്യപ്രസക്ത നിര്‍ദേശങ്ങള്‍ നല്‍കിയതിലും രാഷ്ട്രപുരോഗതിയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിച്ചതിലും പാര്‍ട്ടിക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, പി ഉബൈദുല്ല എം.എല്‍.എ, മുസ്‌ലിംലീഗ് ജില്ല സെക്രട്ടറി പി അബ്ദുല്‍ഹമീദ് മാസ്റ്റര്‍, അഡ്വ. എന്‍.സി ഫൈസല്‍, കൊടക്കാടന്‍ മുഹമ്മദലി ഹാജി, സലീം കുരുവമ്പലം, അഡ്വ. എം റഹ്മത്തുല്ല പ്രസംഗിച്ചു. മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറി വല്ലാഞ്ചിറ മുഹമ്മദലി സ്വാഗതവും എം.എസ്.എഫ് ജില്ല സെക്രട്ടറി ടി ഷാജഹാന്‍ നന്ദിയും പറഞ്ഞു.


Keywords:Exhibition, IUML, Muslim League, Manjeri, Malappuram, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post