മലബാറിന്റെ വികസന കുതിപ്പ്

 ലബാറിന്റെ പറക്കാനുള്ള സ്വപ്‌നങ്ങള്‍ക്ക് ചിറകുപകര്‍ന്നത് കരിപ്പൂര്‍ വിമാനത്താവളമാണ്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന പതിറ്റാണ്ടുകളില്‍ തന്നെ മലബാറില്‍ വിമാനത്താവളമെന്ന ആശയം ഉദിച്ചിരുന്നു. സൈനികാവശ്യങ്ങള്‍ക്കായി മലബാറില്‍ വിമാനത്താവളം നിര്‍മിക്കാനാണ് വെള്ളക്കാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മലബാറില്‍ സ്വാതന്ത്ര്യ സമരം കത്തിയതോടെ ഇത് ഉപേക്ഷിക്കുകയായിരുന്നു. മലബാറില്‍ വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലം കൊണ്ടോട്ടിയിലെ കണ്ണങ്കോട്ടുപാറ എന്ന വിശാലമായ ഭൂപ്രദേശമാണെന്ന് സൈനിക മേധാവികള്‍ തന്നെ കണ്ടെത്തിയിരുന്നു. കണ്ണങ്കോട്ടുപാറ ഉള്‍പ്പെടുന്ന പ്രദേശമാണ് കരിപ്പൂര്‍.
ബ്രിട്ടീഷുകാരുടെ തിരിച്ചുപോക്കോടെ നിലച്ച വിമാനത്താവളമെന്ന ആശയം പിന്നീട് പുനരുജ്ജീവിപ്പിച്ചത് കെ പി കേശവമേനോനാണ്. 1977 ഒക്‌ടോബര്‍ എട്ടിന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളം യാഥാര്‍ഥ്യമാക്കണമെന്ന മുദ്രാവാക്യമായി കരിപ്പൂരിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോട് നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഇതൊരു തുടക്കമായിരുന്നു. തുടര്‍ന്നിങ്ങോട്ട് വിവിധ സംഘടനകള്‍ സമരമുഖത്തേക്കിറങ്ങി.
ഒടുവില്‍ ആ സമരങ്ങള്‍ ഫലം കണ്ടു. 1982 മെയില്‍ അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി ആനന്ത് പ്രസാദ് ശര്‍മ വിമാനത്താവളത്തിന് തറക്കല്ലിട്ടു. 1988 ഏപ്രില്‍ 13ന് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരുടെ അധ്യക്ഷതയില്‍ വ്യോമയാന മന്ത്രി മോത്തിലാല്‍ വോറ കരിപ്പൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു. മുംബൈയില്‍ നിന്നും എയര്‍ബസ് 737 എന്ന യാത്രാ വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തതോടെ മലബാറിന്റെ പറക്കാനുള്ള സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. ആദ്യ കാലങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാനങ്ങള്‍ മാത്രമായിരുന്നു മുംബൈയിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇന്ന് രാജ്യാന്തര വിമാനത്താവളമായി ഉയര്‍ന്ന കരിപ്പൂരില്‍ നിന്ന് ആഭ്യന്തര - അന്താരാഷ്ട്ര സര്‍വീസുകളിലായി ആഴ്ചയില്‍ 300 ഓളം വിമാനങ്ങള്‍ പറന്നുയരുന്നുണ്ട്.
മലബാറിന്റെ ഗള്‍ഫ് അഭിനിവേശം കൊണ്ടാകണം, കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഇന്നും നിര്‍ബാധം തുടരുകയാണ്. നിലക്കാത്തെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മറ്റൊരു വിമാനത്താവളവും ഇന്ത്യയിലില്ല. 6000 അടി റണ്‍വേയില്‍ തുടങ്ങിയ വിമാനത്താവളം വീണ്ടും ഭീമി ഏറ്റെടുത്ത് 9000 അടിയായി ദീര്‍ഘിപ്പിച്ചു. ഇതിനിടയില്‍ പുതിയ അന്താരാഷ്ട്ര - ആഭ്യന്തര ടെര്‍മിനലുകളും യാഥാര്‍ഥ്യമാക്കി. നിലവിലുള്ള ടെര്‍മിനലില്‍ സൗകാര്യം മതിയാകാതെ വന്നതോടെ 137 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍, കസ്റ്റംസ്, എമിഗ്രേഷന്‍ ഹാള്‍, കാര്‍ പാര്‍ക്കിംഗ് ഏരിയ, എയറോ ബ്രിഡ്ജ് തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് പുതുതായി ഭൂമി ഏറ്റെടുക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുക്കുന്ന വിമാനത്താവളങ്ങളില്‍ മൂന്നാം സ്ഥാനമാണ് കരിപ്പൂരിനുള്ളത്. എങ്കിലും മിക്ക ഗള്‍ഫ് സര്‍വീസുകളും കുത്തകയാക്കി വെച്ച എയര്‍ ഇന്ത്യ പലപ്പോഴും യാത്രക്കാരെ ദ്രോഹിക്കുകയാണ്. സീസണ്‍ നോക്കി ചാര്‍ജ് വര്‍ധിപ്പിക്കുക, സമയത്തിനു വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാതിരിക്കുക, സര്‍വീസുകള്‍ മുടക്കുക തുടങ്ങിയ ക്രൂര വിനോദങ്ങളാണ് പലപ്പോഴും എയര്‍ ഇന്ത്യയില്‍ നിന്നുണ്ടാകുന്നത്. കിടപ്പാടം വിറ്റും എയര്‍പോര്‍ട്ട് യാഥാര്‍ഥ്യമാക്കാന്‍ തയ്യാറായ പരിസരവാസികള്‍ക്ക് എയര്‍പോര്‍ട്ടിലെ അവിദഗ്ധ തൊഴിലുകള്‍ നല്‍കുന്നതിലും എയര്‍പോര്‍ട്ട് അതോറിറ്റി മുഖം തിരിച്ചിരിക്കുകയാണ്. തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം ലംഘിച്ച നടപടി പുതുതായി ഭൂമി ഏറ്റെടുക്കുന്നതിനെ ചെറുത്ത് തോല്‍പ്പിക്കുന്നതിലേക്കാണ് എത്തിച്ചത്.

Keywords: Article, Malabar, Airport, Calicut Airport

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post