മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനവും ഗ്രീന്‍ഗാര്‍ഡ് പരേഡും അഞ്ചിന്

മഞ്ചേരി: 'സംശുദ്ധ രാഷ്ട്രീയം, സുരക്ഷിത സമൂഹം' എന്ന സന്ദേശത്തോടെ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനവും ഗ്രീന്‍ഗാര്‍ഡ് പരേഡും മെയ് 5ന് മഞ്ചേരി ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 21ന് പ്രതിനിധി സമ്മേളനത്തോടെ ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനമാണ് 5ന് മഞ്ചേരിയില്‍ നടക്കുന്നത്.
ജില്ലയിലെ വ്യത്യസ്ത ഭാഗങ്ങളിലായി സംഘടിപ്പിച്ച വനിത-വിദ്യാര്‍ഥിനി സമ്മേളനം, ദളിത്‌ലീഗ് സമ്മേളനം, യുവജന-വിദ്യാര്‍ഥി സമ്മേളനം, തൊഴിലാളി-കര്‍ഷക സമ്മേളനം, പ്രവാസിലീഗ്-കെ.എം.സി.സി സമ്മേളനം, ചരിത്ര-സാംസ്‌കാരിക സമ്മേളനം തുടങ്ങി ജനോപകാര മുദ്രാവാക്യങ്ങളുയര്‍ത്തുന്ന സമ്മേളനങ്ങള്‍ സംഘടനാശക്തി വിളിച്ചോതുന്നതും വന്‍ ജനപങ്കാളിത്തമുള്ളവയുമായിരുന്നു. ഓരോ സമ്മേളനങ്ങളിലും ചര്‍ച്ചചെയ്ത വിഷയങ്ങള്‍ ക്രോഡീകരിച്ച് പ്രവര്‍ത്തന പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും.
പ്രത്യേക പരിശീലനം നേടിയ കാല്‍ലക്ഷത്തോളം കേഡറ്റുകള്‍ പങ്കെടുക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡ് മൂന്ന് മണിക്ക് ആരംഭിക്കും. ജില്ലയിലെ 16 മണ്ഡലങ്ങളില്‍ നിന്നുള്ള ഗ്രൂപ്പുകള്‍ അണിനിരക്കും. നിലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, ഏറനാട് മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ ചെരണിയില്‍ നിന്നും മങ്കട, പെരിന്തല്‍മണ്ണ, മലപ്പുറം, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ കെ.എം.എച്ച് ആസ്പത്രി പരിസരത്തു നിന്നും കൊണ്ടോട്ടി, വള്ളിക്കുന്ന്, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, തവനൂര്‍, പൊന്നാനി, വേങ്ങര മണ്ഡലങ്ങളിലുള്ളവര്‍ തുറക്കല്‍ ബൈപ്പാസ് ജംഗ്ഷനില്‍ നിന്നുമാണ് പരേഡ് ആരംഭിക്കുക. മൂന്ന് മാര്‍ച്ചുകളും മേലാക്കം ജംഗ്ഷനില്‍ സംഗമിച്ച് പ്രധാന നഗരം വഴി സമ്മേളന നഗരിയായ ശിഹാബ് തങ്ങള്‍ നഗറിലെത്തും.
പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. കേന്ദ്രമന്ത്രി ഇ അഹ്മദ്, ഗവ. ചീഫ് വിപ്പ് പി.സി ജോര്‍ജ്, എം.പി വീരേന്ദ്രകുമാര്‍, മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ മുനീര്‍, പി.കെ അബ്ദുറബ്ബ്, വി.കെ ഇബ്‌റാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി, മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, എം.പി അബ്ദുസ്സമദ് സമദാനി എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, പി.വി അബ്ദുല്‍വഹാബ്, കുട്ടി അഹമ്മദ് കുട്ടി, എം.ഐ തങ്ങള്‍, പി.എം.എ സലാം, പി അബ്ദുല്‍ഹമീദ്, സലീം കുരുവമ്പലം പങ്കെടുക്കും.
മെയ് 4ന് പതാകജാഥ നടക്കും. മുസ്‌ലിംലീഗ് ജന്മംകൊണ്ട് 64 വര്‍ഷം പിന്നിടുന്നതിന്റെ ഓര്‍മയ്ക്കായി 16 മണ്ഡലങ്ങളില്‍ നിന്ന് 64 പതാക ജാഥകള്‍ ആരംഭിക്കും. മണ്‍മറഞ്ഞ പൂര്‍വകാല നേതാക്കളുടെ വീടുകളില്‍ നിന്നാണ് പതാകകള്‍ ഏറ്റുവാങ്ങുക. ഇതിനു പുറമെ പാണക്കാട് കുടപ്പനക്കല്‍ തറവാടില്‍ നിന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് കൈമാറുന്ന പതാക ജില്ല സെക്രട്ടറി പി അബ്ദുല്‍ഹമീദ് ഏറ്റുവാങ്ങും. വൈകിട്ട് 5 മണിക്ക് സമ്മേളന നഗരിയില്‍ എത്തിച്ചേരുന്ന പതാകകള്‍ 64 കാരണവന്മാര്‍ ഒരേ സമയം ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന 'സ്‌നേഹാദരം' പരിപാടിയില്‍ ജില്ലയിലെ ഓരോ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത 125 പ്രമുഖരെ ആദരിക്കും. തുടര്‍ന്ന് കേരള സംസ്‌കൃതി അവതരിപ്പിക്കുന്ന മാപ്പിള കലാവിരുന്ന് നടക്കും.
മെയ് 3ന് ഹരിതം 2012 -മെഗാക്വിസ് റിയാലിറ്റി ഷോ നടക്കും. വിദ്യാഭ്യാസ- സന്നദ്ധ സ്ഥാപനങ്ങളില്‍ നിന്നുള്ള നൂറോളം ടീമുകള്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ആരംഭിച്ച കാലം- എക്‌സിബിഷന്‍ സമ്മേളന നഗരിക്കു സമീപം പ്രദര്‍ശനം തുടരുന്നുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി പി അബ്ദുല്‍ഹമീദ്, അഡ്വ. എം ഉമ്മര്‍ എം.എല്‍.എ, നാലകത്ത് സൂപ്പി, ജില്ലാ സെക്രട്ടറിമാരായ അഡ്വ. എം റഹ്മത്തുല്ല, സലീം കുരുവമ്പലം, വല്ലാഞ്ചിറ മുഹമ്മദലി, കൊടക്കാടന്‍ മുഹമ്മദലി ഹാജി, വല്ലാഞ്ചിറ അബ്ദുല്‍മജീദ്, കണ്ണിയന്‍ അബൂബക്കര്‍, സജ്‌റുദ്ദീന്‍ മൊയ്തു, യൂസുഫ് വല്ലാഞ്ചിറ പങ്കെടുത്തു.

Keywords: Conference, IUML, Muslim League, Manjeri, Malappuram, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم