ജില്ലാ കര്‍ഷക സംഗമം: ഇന്നും നാളെയും നടക്കും

മലപ്പുറം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ക്ഷീരകര്‍ഷക സഹകരണ സംഘങ്ങള്‍,മില്‍മ, കേരള ഫീഡ്‌സ്, ആത്മ, ത്രിതല പഞ്ചായത്തുകള്‍, ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലാ കന്നുകാലി പ്രദര്‍ശനം ക്ഷീരകര്‍ഷക സംഗമം എന്നിവ ഇന്നും നാളെയും(മെയ് 9, 10) നടക്കും. പെരിന്തല്‍മണ്ണ ബ്ലോക്ക് പാറല്‍ ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ ആല്‍-ഐന്‍-മാള്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാ ക്ഷീരകര്‍ഷക സംഗമം നാളെ(മെയ് 10) രാവിലെ 11 ന് സാംസ്‌കാരിക-പൊതുജന സമ്പര്‍ക്ക-ക്ഷീരവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. നഗര വികസന-ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷത വഹിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഉദ്ഘാടനം വൈദ്യുതി-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദും കാലിത്തീറ്റ ധനസഹായ വിതരണോദ്ഘാടനം പട്ടികജാതി-ടൂറിസം വകുപ്പു മന്ത്രി എ.പി.അനില്‍കുമാറും മുഖ്യപ്രഭാഷണവും ജില്ലയിലെ മികച്ച കര്‍ഷകനുള്ള സമ്മാന വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാടും നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
രാവിലെ 9.30 ന് 'ക്ഷീരവികസന മേഖലയുടെ ശാക്തീകരണത്തില്‍ ക്ഷീരസംഘങ്ങളുടെ വൈവിധ്യ വത്കരണത്തിന്റെ പ്രസക്തി' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. ക്ഷീരകര്‍ഷക ക്ഷേമനിധി ചീഫ് എക്‌സി.ഓഫീസര്‍ എസ്.അമീര്‍ ജാന്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് വിവിധ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പി.കെ.അബൂബക്കര്‍ ഹാജി സ്വാഗതവും എസ്.ശ്രീകുമാര്‍ നന്ദിയും പറയും.
ഇന്ന് (മെയ് 9) ജില്ലാ കന്നുകാലി പ്രദര്‍ശനം ആലിപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടക്കും. ഉദ്ഘാടനം ആലിപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശീലത്ത് വീരാന്‍കുട്ടി നിര്‍വഹിക്കും. ആലിപറമ്പ് ഗ്രാമപഞ്ചായത്ത് അംഗം സി.കെ.ഉമ്മര്‍ ഹാജി അധ്യക്ഷത വഹിക്കും. വിവിധ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാവിലെ 10.30ന് ക്ഷീരവികസനം-അടുത്ത ദശകത്തില്‍ എന്ന ശില്‍പശാലയുടെ ഉദ്ഘാടനം പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുധാകുമാരി നിര്‍വഹിക്കും. മലബാര്‍ മേഖലാ യൂനിയന്‍ ഭരണ സമിതിയംഗം പി.വിശ്വനാഥന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ക്ഷീരവികസന വകുപ്പ് ഡയറക്റ്ററേറ്റ് ഡെപ്യൂട്ടി ഡയറക്റ്റര്‍ ഐസക് കെ.തയ്യില്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ചര്‍ച്ചയും കലാവിരുന്നുമുണ്ടാകും. പ്രതിനിധി രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും.

Keywords: Meet, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post