തിരൂരില്‍ അഡീഷനല്‍ ജില്ലാ കോടതി സ്ഥാപിക്കും: മുഖ്യമന്ത്രി

തിരൂര്‍: തിരൂരില്‍ അഡീഷനല്‍ ജില്ലാ കോടതി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗതിയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഹൈകോടതിയുടെ അനുമതി ലഭിച്ചാലുടന്‍ കോടതി സ്ഥാപിക്കാനുള്ള നടപടികള്‍ പ്രാവര്‍ത്തികമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.തിരൂരില്‍ ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിച്ച കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.
ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ കോടതികളില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ ജുഡീഷറി വിശ്വാസ്യത നിലനിര്‍ത്തണം. കൂടുതല്‍ കോടതികള്‍ സ്ഥാപിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കോടതികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചടങ്ങില്‍ അധ്യക്ഷനായി. എം.എ.സി.റ്റി കോടതിയുടെ താക്കോല്‍ദാനം പൊതുമരാമത്ത് വകുപ്പുമന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും ജൂഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ താക്കോല്‍ദാനം പട്ടികജാതി-പിന്നാക്ക വികസന ടൂറിസം മന്ത്രി എ.പി.
അനില്‍കുമാറും നിര്‍വഹിച്ചു. ഇ.റ്റി.മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ. മാരായ സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, തിരൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സഫിയ ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുള്ളക്കുട്ടി, മുന്‍ എം.എല്‍.എ. പി.പി.അബ്ദുള്ളക്കുട്ടി, കൗണ്‍സിലര്‍ കെ.കെ.അബ്ദുള്‍സലാം എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചീനിയര്‍ പി.കെ.സതീശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ജഡ്ജി വി.ഷെര്‍സി സ്വാഗതവും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം.കെ.മൂസാക്കുട്ടി നന്ദിയും പറഞ്ഞു.
190 ലക്ഷം ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ് കോടതി കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ എം.എ.സി.റ്റി കോടതിയും ജൂഡീഷല്‍ ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതിയും ഒന്നാം നിലയില്‍ ഇവയുടെ ഓഫീസും അനുബന്ധ സൗകര്യങ്ങളും എ.പി.പി യുടെ ഓഫീസും പ്രവര്‍ത്തിക്കും. രണ്ടാം നിലയില്‍ അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയും അനുബന്ധ ഓഫീസ് സൗകര്യങ്ങളും എ.ജി.പിയുടെ ഓഫീസുമാണ് പ്രവര്‍ത്തിക്കുക.

Keywords: Court, Tirur, Malappuram, Chief Minster, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم