ആര്യാടന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

മലപ്പുറം: വെദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് ജില്ലയില്‍ ഉജ്ജ്വല സ്വീകരണം. ലീഗിന് അഞ്ചാംമന്ത്രി സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ടും അതിനു മുന്നോടിയായി നടന്ന കെ.പി.സി.സി യോഗത്തിലും പുറത്തും ജില്ലയിലെ കോണ്‍ഗ്രസ്സുകാരുടെ വികാരം പരസ്യമായി പ്രകടിപ്പിച്ച ആര്യാടന്റെ ഉറച്ച നിലപാടുകള്‍ക്കുള്ള അംഗീകാരവുമായിരുന്നു സ്വീകരകണയോഗം. ഞായറാഴ്ച ജില്ലാ അതിര്‍ത്തി മുതല്‍ അദ്ദേഹത്തിന്റെ തട്ടകമായ നിലമ്പൂര്‍ വരെ നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയായിരുന്നു സ്വീകരിച്ചാനയിച്ചത്.
പുതുതായി ഗതാഗത വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹത്തിനൊരുക്കിയ സ്വീകരണം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ലീഗിന്റെ തട്ടകത്തില്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ കൂടി ഒരുക്കിയതായിരുന്നു. രാവിലെ ഒമ്പതുമണിയോടെ ജില്ലാ അതിര്‍ത്തിയായ ചങ്ങരംകുളത്തു നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആര്യാടനെ സ്വീകരിച്ചത്. കോണ്‍ഗ്രസ്സിനും നേതാക്കള്‍ക്കും ആര്യാടനും ജയ് വിളികളോടെയാണ് അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തകര്‍ അണിനിരന്നത്. ഒപ്പം കോണ്‍ഗ്രസ്സിലെ അണികളുടെ വികാരം അതിന്റെ അര്‍ഥം ചോരാതെ പ്രകടിപ്പിച്ചതിനുളള അംഗീകാരവും.മലപ്പുറത്ത് ഒരുക്കിയ സ്വീകരണ യോഗത്തില്‍ മന്ത്രി ആര്യാടന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.
ആര്യാടന്‍ എത്തുന്നതിന് മുമ്പ് ഏതാനും പ്രവര്‍ത്തകര്‍ ലീഗ് നേതാക്കള്‍ക്ക് എതിരേയും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും മുദ്രാവാക്യങ്ങളുയര്‍ത്തി ഡി.സി.സി ഓഫീസിനു മുമ്പില്‍ പ്രകടനവും നടത്തിയിരുന്നു. ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് യു.അബൂബക്കര്‍,വി.എം കൊളക്കാട് കെ.പി.സി.സി ഭാരവാഹികളായ വി.വി പ്രകാശ്, അജയ്‌മോഹന്‍,യു.കെ ഭാസി എന്നിവരും മറ്റ്ഡി.സി.സി ഭാരവാഹികളും പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post