കാന്തപുരത്തിന്റെ കേരളയാത്ര ബുധനാഴ്ച ജില്ലയിലെത്തും

മലപ്പുറം: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനസെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്ന കേരളയാത്രയെ സ്വീകരിക്കാന്‍ മലപ്പുറം ഒരുങ്ങി. ഈമാസം 12ന് കാസര്‍കോഡ് നിന്ന് ആരംഭിച്ച യാത്ര ഏപ്രില്‍ 18 ന് ജില്ലയില്‍ പ്രവേശിക്കും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, തമിഴ്‌നാട്ടിലെ നീലഗിരി, കോഴിക്കോട് എന്നീ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് മലപ്പുറത്തിന്റെ മണ്ണിലെത്തുന്നത്. ജില്ലാ അതിര്‍ത്തിയായ കൊണ്ടോട്ടി ഐക്കരപ്പടി പതിനൊന്നാം മൈലില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ യാത്രാനായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ഷാള്‍ അണിയിച്ച് ജില്ലയിലേക്ക് സ്വീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് യാത്രക്ക് സ്വീകരണം നല്‍കുന്നത്. ബുധനാഴ്ച രാവിലെ 9ന് കൊണ്ടോട്ടി, 11 മണിക്ക് അരീക്കോട്, മൂന്ന് മണിക്ക് നിലമ്പൂര്‍ എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം ഏഴിന് മഞ്ചേരിയില്‍ സമാപിക്കും. രണ്ടാം ദിവസമായ ഏപ്രില്‍ 19ന് വ്യാഴാഴ്ച രാവിലെ 9ന് പെരിന്തല്‍മണ്ണയില്‍ നിന്ന് ആരംഭിച്ച് 11 മണിക്ക് മലപ്പുറം, മൂന്ന് മണിക്ക് കോട്ടക്കല്‍ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകുന്നേരം ഏഴിന് ചെമ്മാട് ടൗണില്‍ സമാപിക്കും. മൂന്നാംദിവസമായ ഏപ്രില്‍ 20 വെള്ളിയാഴ്ച മൂന്ന് മണിക്ക് തിരൂരില്‍ നിന്ന് തുടങ്ങി അഞ്ച് മണിക്ക് പൊന്നാനിയിലെ സ്വീകരണത്തിന് ശേഷം വളാഞ്ചേരിയില്‍ സമാപിക്കുന്നതോടെയാണ് ജില്ലയിലെ പര്യടനം പൂര്‍ത്തിയാവുക.
വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ മത-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സുന്നി സംഘടനകളുടെ സംഘശക്തി വിളിച്ചോതുന്ന സ്വീകരണ ചടങ്ങുകളില്‍ ജില്ലയില്‍ ഒട്ടാകെയായി അഞ്ച് ലക്ഷത്തില്‍ അധികം പ്രവര്‍ത്തകര്‍ പങ്കെടുക്കും.
യാത്രയുടെ സന്ദേശവും പ്രമേയവും വിശദീകരിക്കുന്ന മഹല്ല് സമ്മേളനങ്ങള്‍ 1500 ഗ്രാമങ്ങളില്‍ ഇതിനകം നടന്നു. മാനവിക സദസ്, അയല്‍പക്ക സംഗമം, വിദ്യാര്‍ഥി സമ്മേളനം, സുന്നി മാനേജ്‌മെന്റ് അസോസിയേഷന് കീഴില്‍ നടന്ന ജില്ലാ മാനവിക സമ്മേളനം, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നടന്ന മുഅല്ലിം സമ്മേളനം, എസ് എസ് എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹസംഘം റോഡ് മാര്‍ച്ച്, സുന്നി ബാലസംഘം നടത്തിയ കലാജാഥകള്‍ എന്നിവ കേരളയാത്രയെ വിളംബരപ്പെടുത്തി ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. കേരളയാത്ര കടന്ന് പോകാത്ത പ്രദേശങ്ങളില്‍ എസ് വൈ എസ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ നാല് ദിവസങ്ങളിലായി ജില്ലാഉപയാത്ര പര്യടനം നടത്തുകയുണ്ടായി.
സംഘടിത കുറ്റ കൃത്യങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കാര്യത്തിലുള്ള അച്ചടക്കമില്ലായ്മയും ആദിവാസികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും മുന്‍പത്തേക്കാളുമേറെ വര്‍ദ്ധിച്ചിരിക്കുന്നു. മദ്യപാനത്തിന്റെ തോത് നാള്‍ക്കുനാള്‍ കൂടി വരികയാണ്. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. നാട്ടിന്‍ പുറങ്ങളില്‍ പോലും പരസ്പര ശത്രുതയും സംശയവുമാണ്. ജാതീയവും മതപരവുമായ സ്പര്‍ദ്ധകള്‍ അങ്ങിങ്ങ് തലപൊക്കിയിരിക്കുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ജാതി മതം തിരിച്ചുള്ള കണക്കെടുത്ത് ലാഭ നഷ്ടങ്ങള്‍ തീരുമാനിക്കുന്ന രീതി കേരളത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളെ മതസംഘര്‍ഷങ്ങളും അതുവഴി വര്‍ഗീയ സംഘട്ടനങ്ങളുമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. നമ്മുടേത് പോലുള്ള മതാത്മക സമൂഹങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് മത സംഘര്‍ഷങ്ങള്‍. പരസ്പരം സഹകരണത്തോടെയും വിശ്വാസത്തോടെയും ജീവിച്ചുവന്ന ജൈവീകമായ സാമൂഹിക വ്യവസ്ഥയെ അത് തകര്‍ക്കും.
ദരിദ്രരെ കൂടുതല്‍ ചൂഷണം ചെയ്യാനും സാമൂഹിക അവസരങ്ങള്‍ തുല്യമായി ലഭ്യമാക്കാതിരിക്കാനും സഹായിക്കും വിധത്തിലുള്ള സാമ്പത്തിക നയനിലപാടുകള്‍ക്കാണ് ഇന്ന് സമൂഹത്തില്‍ മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യരേഖാ മാനദണ്ഡം മാറ്റി ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം രാജ്യത്ത് അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമാകും. ഈ പശ്ചാത്തലത്തിലാണ് മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയേവുമായി കേരളയാത്ര സംഘടിപ്പിച്ചതെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി (വൈസ് പ്രസിഡന്റ്, എസ് വൈ എസ് സംസ്ഥാന കമ്മിറ്റി), പി എം മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ (ജന. സെക്രട്ടറി, എസ് വൈ എസ് മലപ്പുറം), പി അലവി സഖാഫി കൊളത്തൂര്‍ (സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ), എന്‍ വി അബ്ദുര്‍റസാഖ് സഖാഫി (കണ്‍വീനര്‍, ജില്ലാ എക്‌സിക്യുട്ടീവ് കൗണ്‍സില്‍), പി കെ മുഹമ്മദ് ശാഫി (ജില്ലാ മീഡിയാ കണ്‍വീനര്‍) സംബന്ധിച്ചു 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post