സര്‍വ്വകലാശാലയുടെ ഭൂമി ദാനം ചെയ്തത് ഇടതുസര്‍ക്കാറുകളും സിന്‍ഡിക്കറ്റുകളും: ടി.വി. ഇബ്രാഹിം

മലപ്പുറം: കാലിക്കറ്റ് സര്‍വ്വകലാശാല അനധികൃതമായി ഭൂമി ദാനം ചെയ്തുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് സിന്‍ഡിക്കറ്റ് അംഗവും മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയുമായ ടി.വി. ഇബ്രാഹിം പറഞ്ഞു. സര്‍വ്വകലാശാലയെ മോശമായി ചിത്രീകരിക്കാനും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുര്‍വ്യാഖ്യാനം ചെയ്യാനുമുള്ള ശ്രമങ്ങളാണ് ചില ഭാഗങ്ങളില്‍നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വ്വകലാശാലകളുടെ ഭൂമി ദാനം ചെയ്തത് ഇടതുസര്‍ക്കാരുകളും അവരുടെ സിന്‍ഡിക്കറ്റുകളുമാണെന്ന വസ്തുത മറച്ചുവെച്ചാണ് കാലിക്കറ്റ് സര്‍വ്വകലാശാലക്കെതിരെ തിരിയുന്നത്. തിരുവനന്തപുരത്ത് കേരള സര്‍വ്വകലാശാലയുടെ കണ്ണായ ഭൂമിയിലാണ് സി.പി.എം. സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി. സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സി.പി.എമ്മിന് ഈ ഭൂമി സൗജന്യമായി പതിച്ചുകൊടുത്തത് ഇടതുപക്ഷ സിന്‍ഡിക്കറ്റ് ആണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ 2008ല്‍ കേരള ക്രിക്കറ്റ് അസോസിയേഷന് നാല് ഏക്കര്‍ ഭൂമി നല്‍കുകയും ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തത് എം.ജി.യിലെ ഇടതുപക്ഷ സിന്‍ഡിക്കറ്റ് ആണെന്നത് ഒട്ടും രഹസ്യമല്ല. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍തന്നെ സി.പി.എം. അനുകൂല സംഘടനകള്‍ക്കുവേണ്ടി ഒരേക്കറിലധികം ഭൂമി സൗജന്യമായി ഇടതുസിന്‍ഡിക്കറ്റ് നല്‍കിയിട്ടുണ്ട്. സഹകരണ സൊസൈറ്റിക്കായി വിട്ടുനല്‍കിയ സ്ഥലത്ത് സി.പി.എം. നിയന്ത്രണത്തിലുള്ള ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ശാഖയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കോഫി ഹൗസ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് മേല്‍പ്പാട്ടത്തിന് നല്‍കിയ ഇടതുപക്ഷ സിന്‍ഡിക്കറ്റ് നടപടി അന്വേഷിക്കാന്‍ സര്‍വ്വകലാശാല കമ്മിറ്റിയെ നിയമിച്ചിരിക്കുകയാണ്. ഇടതുപക്ഷം ഭരിക്കുന്ന തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിന് ഒരേക്കര്‍ ഭൂമി ഇടതുപക്ഷ സിന്‍ഡിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിസ്മരിച്ച് സര്‍വ്വകലാശാലക്കെതിരെ അനാവശ്യമായ പ്രചരണങ്ങള്‍ നടത്തുന്നത് ചില ഗൂഢാലോചനകളുടെ ഭാഗമാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്ഥാപകനായ സി.എച്ച്. മുഹമ്മദ്‌കോയയുടെ സ്മരണ നിലനിര്‍ത്തുന്നതിനായി സി.എച്ച്. ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ ഗ്രേസ് അസോസിയേഷന്‍ നാല് മാസങ്ങള്‍ക്ക് മുമ്പ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിശദമായ പ്രൊജക്ട് സഹിതം അപേക്ഷിക്കുമ്പോള്‍ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് കാണിച്ച് അന്ന് അപേക്ഷ മടക്കി അയച്ചു. പിന്നീട് വിശദമായ പ്രൊജക്ട് സഹിതം സി.എച്ച്. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് എന്ന പേരില്‍ രാജ്യാന്തര നിലവാരമുള്ള ഗവേഷണ കേന്ദ്രം, അത്യാധുനിക സൗകര്യങ്ങളുള്ള പരിശീലന കേന്ദ്രം, വിപുലമായ റഫറന്‍സ് ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതി സര്‍വ്വകലാശാലക്ക് ലഭിച്ചു. ഇത് അംഗീകരിച്ച് നടപടി ക്രമങ്ങള്‍ പാലിക്കുക മാത്രമാണ് സര്‍വ്വകലാശാല ചെയ്തത്. ഒളിമ്പിക് അസോസിയേഷന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥാപിക്കാന്‍ പ്രൊജക്ടുമായി സമീപിച്ചു. ബാഡ്മിന്റണ്‍ ട്രസ്റ്റും ഇതുപോലെ സര്‍വ്വകലാശാലയെ സമീപിച്ചു. ഇവയെല്ലാം പരിശോധിക്കുകയും തുടര്‍നടപടികള്‍ക്കായി മൂന്ന് ഉപാധികള്‍ സര്‍വ്വകലാശാല മുന്നോട്ടുവെക്കുകയുമാണ് ചെയ്തത്. നല്‍കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും നിര്‍മ്മിക്കുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശവും സര്‍വ്വകലാശാലയില്‍ നിക്ഷിപ്തമായിരിക്കും, ഇതിന്റെ ഭരണചുമതല അതാത് കാലത്തെ വൈസ് ചാന്‍സലര്‍ ചെയര്‍മാനായുള്ള, സിന്‍ഡിക്കറ്റ് അടങ്ങുന്ന സമിതിക്ക് ഭൂരിപക്ഷമുള്ള ഗവേണിങ്ങ് ബോഡിക്ക് ആയിരിക്കും, സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്ക് വിധേയമായി മാത്രമേ പദ്ധതികള്‍ നടപ്പാക്കൂ എന്നീ മൂന്ന് ഉപാധികളും അംഗീകരിക്കാന്‍ ബന്ധപ്പെട്ട അസോസിയേഷനുകളും ഏജന്‍സികളും തയ്യാറായാല്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാവുകയുള്ളൂ. വസ്തുതകള്‍ മറച്ചുവെച്ച് നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ മുസ്‌ലിംലീഗ് നേതാക്കളുടെ ബന്ധുക്കള്‍ക്കും ട്രസ്റ്റിനും ഭൂമി നല്‍കുന്നതായുള്ള പ്രചരണങ്ങള്‍ നടത്തുന്നത് ദുഷ്ടലാക്കോടെയാണ്. കേരളീയര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാക്കളെ വിവാദത്തിലേക്ക് വലിച്ചിഴക്കുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിനാണ് സര്‍വ്വകലാശാല ഈ തീരുമാനങ്ങള്‍ റദ്ദാക്കിയത്. വിവാദങ്ങളിലൂടെ വികസനങ്ങള്‍ മുടക്കുന്നവര്‍ സര്‍വ്വകലാശാലക്കും വരുംതലമുറക്കും ഉണ്ടാവുമായിരുന്ന വലിയ സാധ്യതകള്‍ക്കാണ് കത്തിവെച്ചതെന്ന് ഓര്‍ക്കണമെന്നും ടി.വി. ഇബ്രാഹിം പറഞ്ഞു.

Keywords: Malappuram, UCT, Muslim League, IUML, CPM, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم