മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിട ഉദ്ഘാടനം 27ന്

മുതുവല്ലൂര്‍: ഗ്രാമപഞ്ചായത്തിന്റെ പുതുതായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉത്സവമാക്കി മാറ്റുകയാണ് മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത്. 2009 ജൂലൈ 11 ന് അന്നത്തെ എം എല്‍ എ ശ്രീ. പി കെ അബ്ദുറബ്ബ് ശിലാസ്ഥാപനം നിര്‍വ്വഹിച്ച് ആരംഭിച്ച കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തി പണി പൂര്‍ത്തീകരിച്ച് ഏപ്രില്‍ 27 ന് വൈകീട്ട് 4 മണിക്ക്   പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം കെ മുനീറും കോണ്‍ഫറന്‍സ് ഹാള്‍ പൊതിമരാമത്ത് മന്ത്രി   ഇബ്രാഹീം കുഞ്ഞും ഉദ്ഘാടനം നിര്‍വ്വഹിക്കുകയാണ്. ചടങ്ങില്‍ കൊണ്ടോട്ടി എം എല്‍ എ  ശ്രീ കെ മുഹമ്മദുണ്ണിഹാജി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്   സുഹറ മമ്പാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ   പി എ ജബ്ബാര്‍ ഹാജി, എം സി മുഹമ്മദാജി മറ്റ് ജനപ്രധിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി 2 മണിക്ക് മുതുപറമ്പില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരുടെ വ്യത്യസ്തമായ പരപാടികളോടെ നടക്കും തുടര്‍ന്ന് കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ കലാപരിപാടികള്‍ വേദിയില്‍ നടക്കും.
പുതുതായി നിര്‍മ്മിച്ച ഗ്രാമപഞ്ചായത്ത് കെട്ടിടത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് പുറമെ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ഓഫീസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓഫീസ്, കുടുംബശ്രീ ഓഫീസ്, ഐസിഡിഎസ് ഓഫീസ്, എന്നിവ പ്രവര്‍ത്തിക്കുന്നതാണ്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പഞ്ചായത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് 2011-12 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിച്ചിട്ടുണ്ട്. പട്ടികജാതി വിഭാഗം ഫണ്ട് 86% വും പൊതു വിഭാഗത്തിന് 83% വും ചെലവഴിക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഭവന നിര്‍മ്മാണത്തിനായി 43 പേര്‍ക്ക് ആനുകൂല്യം നല്‍കുന്നതിനും വീട് റിപ്പയര്‍, കക്കൂസ് നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം, സമഗ്ര വയല്‍ കൃഷി, പരിരക്ഷ, സമഗ്ര വിദ്യാഭ്യാസ പരിപാടി തുടങ്ങിയ പദ്ധതികളും, റോഡ്, റോഡിതര മെയിന്റനന്‍സ് പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് വേണ്ടി സാധിച്ചിട്ടുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 2011-12 സാമ്പത്തിക വര്‍ഷം 78.36 ലക്ഷം രൂപ ചെലവഴിക്കുന്നതിനും അതുവഴി 1004 പേര്‍ക്ക് 49282 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ 169 കുടുംബശ്രീ യൂണിറ്റുകള്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ആശ്രയ പദ്ധതി വഴി പോഷകാഹാര കിറ്റ് വിതരണവും അഗതികള്‍ക്ക് ഭവന നിര്‍മ്മാണം എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. പരിരക്ഷ പദ്ധതിയിലൂടെ നിരാലംബരുടെ കണ്ണീരൊപ്പാന്‍ ബൃഹത്തായ പദ്ധതിയുടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 28 അംഗന്‍വാടികളുടെ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ഫലപ്രദമായി ഇടപെടുകയും സ്ഥലം, കെട്ടിടം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയും ചെയ്യുന്നു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم