കോണ്‍ഗ്രസ് നിലപാട് അപകടകരം: പി ഡി പി

മലപ്പുറം: ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനം വിവാദമാക്കി കേരളത്തിലെ സാമൂദായിക മതസൗഹാര്‍ദം തകര്‍ക്കുന്നതിനുളള ശ്രമമാണ് കോണ്‍ഗ്രസ് നതാക്കള്‍ നടത്തുന്നതെന്ന് പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ ശംസുദ്ദീന്‍ ആരോപിച്ചു.
 മുസ്‌ലിംകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഉദ്യോഗങ്ങളിലും അധികാരസ്ഥാനങ്ങളിലും ജനസംഖ്യാനുപാതകമായി പ്രാതിനിധ്യം ലഭിക്കണമെന്ന ആവശ്യത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സവര്‍ണ്ണ ശക്തികളുടെ വക്താക്കളായി കോണ്‍ഗ്രസ് നേതാക്കള്‍ അധഃപതിച്ചിരിക്കുന്നു. പിന്നാക്ക സമുദായങ്ങള്‍ക്ക് അധികാരസ്ഥാനങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നത് സാമൂഹിക നീതി നടപ്പിലാക്കാന്‍ ഉപകരിക്കുമെന്നിരിക്കെ മതേതര വാദികളെന്ന് സ്വയം പ്രഖ്യാപിച്ച് നടക്കുന്ന ലീഗ് എം എല്‍ എമാര്‍ പിന്നോക്ക വിഭാഗമായ മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരാണന്ന കാരണത്താല്‍ അവര്‍ക്ക് അര്‍ഹമായ മന്ത്രി പദവും അധികാര പങ്കാളിത്തവും നല്‍കാതിരിക്കുന്നത് എപ്രകാരമാണ് സാമൂഹിക നീതിക്ക് ഉപകരിക്കുകയെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. എന്നാല്‍ സമുദായത്തിന്റെ പേരു പറഞ്ഞ് അധികാരസ്ഥാനങ്ങളില്‍ കയറിപ്പറ്റുകയും കിട്ടിയ അധികാരം വിനിയോഗിക്കുമ്പോള്‍ സ്വന്തം സമുദായത്തെ മറന്ന് ഇതര സമുദായ രാഷ്ട്രീയക്കാരിലെ സാമര്‍ഥ്യക്കാരുമായി ചേര്‍ന്ന് നടത്തുന്ന ബിസിനസ്സാക്കി കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തെ അധ:പതിപ്പിച്ചതിനുളള തിരിച്ചടിയും ശിക്ഷയുമാണ് അഞ്ചാം മന്ത്രിസ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും മുസ്‌ലിം ലീഗിന് കിട്ടിക്കൊണ്ടിരിക്കുന്ന ആട്ടും തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post