ആദിവാസി കോളനികളില്‍ പരിശോധന നടത്തും: ജില്ലാ കലക്‌ടര്‍

മലപ്പുറം: ജില്ലയില്‍ ഭൂമി നല്‍കിയ ആദിവാസികള്‍ക്ക്‌ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തുമെന്ന്‌ ജില്ലാ കലക്‌ടര്‍ എംസി മോഹന്‍ദാസ്‌ അറിയിച്ചു. കലക്‌ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആദിവാസി പുനരധിവാസ വികസന മിഷന്റെ യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. മെയ്‌ അഞ്ചിന്‌ എടയൂര്‍, കീഴാറ്റൂര്‍ എന്നീ കോളനികളിലാണ്‌ സംയുക്ത പരിശോധന. മാഞ്ചീരി ആദിവാസി കോളനിയില്‍ മൂന്നിടങ്ങളില്‍ തൂക്കുപാലം നിര്‍മിക്കും. പൂഞ്ഞക്കൊല്ലിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യും.
ചില കോളനികളിലെ വൈദ്യുതീകരണം സംബന്ധിച്ച തടസങ്ങളുളളത്‌ നീക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. കോളനികളില്‍ ബി.പി.എല്‍ കാര്‍ഡ്‌ ഇനിയും ലഭ്യമാകാത്തവര്‍ക്ക്‌ രണ്ടാഴ്‌ച്ചയ്‌ക്കകം കാര്‍ഡ്‌ ലഭ്യമാക്കണമെന്ന്‌ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക്‌ നിര്‍ദേശം നല്‍കി. വട്ടപ്പാറക്കടുത്ത്‌ മാറാക്കര വില്ലേജിലെ അഞ്ചേക്കര്‍ സ്ഥലത്ത്‌ റസിഡന്‍ഷ്യല്‍ ഐ ടി ഐ പണിയാന്‍ സ്ഥല പരിശോധന നടത്താന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post