കേരളയാത്ര ചരിത്രം രേഖപ്പെടുത്തും: കെടി ജലീല്‍

വളാഞ്ചേരി: ഒരുപാട്‌ യാത്രകളും ജാഥകളും കണ്ട കേരളത്തില്‍ അധികാരത്തിന്റെ ചങ്കോലും കിരീടവുമില്ലാത്ത കാന്തപുരം ഇത്രയും വലിയ യാത്ര നടത്തുന്നത്‌ കേരളത്തെ ഞെട്ടിച്ചിട്ടുണ്ടെന്ന്‌ കെടി ജലീല്‍ എംഎല്‍എ പറഞ്ഞു. ഇത്‌ നാളെയുടെ ചരിത്രം രേഖപ്പെടുത്തും. ചരിത്രാന്വേഷികള്‍ ഈ മഹാ മനീഷിയുടെ ജീവിതം ഗവേഷണം നടത്തുന്നുവെങ്കില്‍ അത്ഭുതപ്പെടാനില്ല. അതില്‍ ആരും അസൂയപ്പെടേണ്ടതുമില്ലെന്നും അദ്ദേഹം പറഞ്ഞു. വളാഞ്ചേരില്‍ കേരളയാത്രക്ക്‌ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യത്വം നഷ്‌ടപ്പെട്ട ശപിക്കപ്പെട്ട യുഗത്തിന്റെ നടുവിലൂടെയാണ്‌ ലോകം ഇന്ന്‌ സഞ്ചരിക്കുന്നത്‌. മാനവീകതയുടെ ഉണര്‍ത്തുപ്പാട്ടുമായി ഇറങ്ങിത്തിരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്‌. ആ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഒരു പണ്ഡിതന്‍ വരുമ്പോള്‍ നാടും നഗരവും അദ്ദേഹത്തോടൊപ്പം ചേരും. കാരണം ഇത്‌ കാലം ആവശ്യപ്പെട്ട മുദ്രാവാക്യമാണ്‌.
ഇസ്‌ലാം മനുഷ്യര്‍ക്ക്‌ മുഴുവന്‍ അവതരിപ്പിക്കപ്പെട്ട ഒരു ദര്‍ശനമാണ്‌. മനുഷ്യര്‍ പരസ്‌പരം കലഹിക്കാനുള്ളവരല്ല. കലാപ ഭൂമിയില്‍ ഏറ്റുമുട്ടേണ്ടവരുമല്ല. പരസ്‌പരം നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌.
മാനവീകതയും മനുഷ്യത്വവുമാണ്‌ മുഹമ്മദ്‌ നബി ഉയര്‍ത്തിപിടിച്ചത്‌. അതു തന്നെയാണ്‌ ഖുലഫാഉ റാശിദീങ്ങള്‍ പിന്തുടര്‍ന്നതും. മത മൈത്രിയും മത സൗഹാര്‍ദവും ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന രാജ്യമാണ്‌ ഇന്ത്യ. ഇത്‌ ഇവിടെ നിലനില്‍ക്കണം. ലോകത്തെ സുശക്തമായ രാജ്യങ്ങളില്‍ ഒന്നാണ്‌ ഇന്ത്യ. അത്‌ തകര്‍ക്കുന്നതിന്‌ വേണ്ടിയാണ്‌ ഹിന്ദുവിനെയും മുസ്‌ലിമിനെയും പരസ്‌പരം അടിപ്പിക്കുന്നത്‌. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ്‌ ഇവിടെ ഭീകരവാദവും തീവ്രവാദവും വളര്‍ത്തുന്നത്‌. പരസ്‌പര ബന്ധവൈരികളായവരെ ഈ യാത്രയിലൂടെ കാന്തപുരത്തിന്‌ ഒന്നിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. ഇത്‌ തന്നെയാണ്‌ ഈ യാത്രയുടെ വിജയവും.
കാന്തപുരത്തിന്റെ കേരളയാത്രയുടെ മുദ്രാവാക്യത്തോട്‌ ആര്‍ക്കും എതിര്‍ത്തു നില്‍ക്കാന്‍ കഴിയില്ല. മാനവീകതയുടെ ശത്രുക്കള്‍ക്ക്‌ മാത്രമേ അതിന്‌ കഴിയൂ. ചരിത്രത്തിന്റെ ചവറ്റ്‌ കൊട്ടയിലേക്ക്‌ അവരെ വലിച്ചെറിയും. കാലം തന്നെ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിച്ച മഹാ മനുഷ്യരെ കുറിച്ച്‌ നാം കേട്ടിട്ടുണ്ട്‌. അവരുടെ കൂട്ടത്തില്‍ നാളെ തലയുയര്‍ത്തി കാന്തപുരമുണ്ടാകുമെന്നും ജലീല്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم