സുരക്ഷാ പദ്ധതി: പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍

മലപ്പുറം: സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സുരക്ഷ പ്രൊജക്ടിന്റെ വാര്‍ഷിക അവലോകനം ജില്ലാ പഞ്ചായത്ത് ഭവനില്‍ പ്രസിഡണ്ട് സുഹറ മമ്പാടിന്റെ അധ്യക്ഷതയില്‍ നടത്തി. അടുത്ത വര്‍ഷം മുതല്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മറ്റ് ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ജില്ലയിലെ മുന്‍സിപ്പല്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനായി സ്റ്റിയറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനമായി.
ദേശീയ എയ്ഡ്‌സ് നിയന്ത്രണ പ്രോഗ്രാം മൂന്നാം ഘട്ടത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ ആദ്യമായി ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയാണ് സുരക്ഷ ലൈംഗിക ആരോഗ്യ പദ്ധതി.
എച്ച് ഐ വി യ്ക്ക് സാധ്യതയുളള ജീവിതരീതി പുലര്‍ത്തുന്ന ആളുകളെ കണ്ടെത്തുകയും അവര്‍ക്ക് കൗണ്‍സിലിംഗ്, ലൈംഗികരോഗ ചികില്‍സ, എച്ച് ഐ വി പരിശോധന, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, മറ്റുതൊഴില്‍ പരിശീലനങ്ങള്‍ എന്നിവയാണ് പ്രൊജക്ട് വഴി നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം 1286 ആളുകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും 1,380 പേരെ ചികിത്സ, ടെസ്റ്റ് എന്നിവയ്ക്ക് വിധേയമാക്കുകയും 12 മെഡിക്കല്‍ ക്യാമ്പുകള്‍, 2 തൊഴില്‍ പരിശീലന കോഴ്‌സുകള്‍, ഗുണഭോക്താക്കളുടെ മക്കള്‍ക്കുളള പഠന സാമഗ്രികള്‍, യൂണിഫോമുകള്‍, ചികിത്സ സഹായങ്ങള്‍ എന്നിവ നല്‍കുകയുണ്ടായി.
സംസ്ഥാനത്ത് മറ്റു ജില്ലകളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ ഫൈറിസ്‌ക് ഗ്രൂപ്പുകള്‍ക്കിടയിലും പൊതുസമൂഹത്തിലും എച്ച് ഐ വി വ്യാപനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞതായും പ്രൊജക്ടിന്റെ നിരന്തരമായ ഇടപെടലുകള്‍കൊണ്ട് സ്വഭാവ വ്യതിയാനം സംഭവിച്ച നിരവധി പേര്‍ അപകട ജീവിതശൈലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്നതായും പ്രൊജക്ട് വെളിപ്പെടുത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ കുഞ്ഞു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന പുല്‍പ്പാടന്‍, വനജ ടീച്ചര്‍, സലീം കരുവമ്പലം, ഉമ്മര്‍ അറക്കല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി സുദര്‍ശന്‍, ഫിനാന്‍സ് ഓഫീസര്‍ പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post