മലപ്പുറം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം ബഹിഷ്‌കരിക്കുന്നു. സംസ്ഥാന വ്യാപകമായി നടത്തുന്ന ബഹിഷ്‌കരണത്തിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ നാല് മൂല്യനിര്‍ണയ ക്യാമ്പുകളാണ് ബഹിഷ്‌കരിക്കുന്നതെന്ന് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നും രണ്ടും ഹയര്‍ സെക്കന്‍ഡറി പേപ്പറുകളുടെ മൂല്യനിര്‍ണയ വേതനം കഴിഞ്ഞ ഏഴുവര്‍ഷമായി വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. എന്നാല്‍ എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തിന് പേപ്പറിന് 7.50 രൂപ നല്‍കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഏഴ് വര്‍ഷമായി 5.50 രൂപയാണ് നല്‍കുന്നത്. ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കുക, ഹയര്‍ സെക്കന്‍ഡറി സംവിധാനം നിലവിലെ രീതിയില്‍ നിലനിര്‍ത്തുക, ഹയര്‍സെക്കണ്ടറിയും വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും ലയിപ്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു. ഇന്ന് സൂചനാസമരമാണെന്നും തീരുമാനമായില്ലെങ്കില്‍ സമരം തുടരുമെന്നും അവര്‍ പറഞ്ഞു. എഫ് എച്ച് എസ് ടി എ ചെയര്‍മാന്‍ ജോസ് ജോണ്‍, എ എച്ച് എസ് ടി എ ജില്ലാ സെക്രട്ടറി മനോജ് ജോസ്, എച്ച് എസ് എസ് ടി എ ജില്ലാ സെക്രട്ടറി ടി എസ് ഡാനിഷ്, കെ എ എച്ച് എസ് ടി എ ജില്ലാ കമ്മിറ്റി അംഗം ഹാമിദ് ഹുസൈന്‍ പി എ നവാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
അധ്യാപകര്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം ബഹിഷ്‌കരിക്കും
Malappuram News
0
Post a Comment