അഞ്ചാം മന്ത്രി വന്ന വഴി ആര്യാടന്‍ വ്യക്തമാക്കണം: സി.പി. എം

മലപ്പുറം: മുസ്‌ലിംലീഗിനെതിരെ ആഞ്ഞടിക്കുന്ന ആര്യാടന്‍ മുഹമ്മദിന് അഞ്ചാം മന്ത്രി വന്ന വഴി വിശദീകരിക്കാന്‍ ബാധ്യതയുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. അഞ്ചാം മന്ത്രിക്കായി കെപിസിസിയുടെയും ഹൈക്കമാന്‍ഡിന്റെയും നിലപാടുകള്‍ ഒറ്റ രാത്രികൊണ്ട് എങ്ങനെ മാറ്റിമറിച്ചുവെന്നറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്.
യുഡിഎഫ് യോഗം ചേരുന്നതിന്റെ തലേന്നുപോലും ലീഗിന് വഴങ്ങില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. പിന്നെന്തു സംഭവിച്ചുവെന്ന് ആര്യാടന്‍ പറയണം. ലീഗിന് വീണ്ടും മന്ത്രിയെ കൊടുക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം തടയാന്‍ അദ്ദേഹം എന്തുചെയ്‌തെന്നും വ്യക്തമാക്കണം. ലീഗിനെതിരെയുള്ള പരാമര്‍ശങ്ങള്‍ ആത്മാര്‍ത്ഥമായിട്ടാണെങ്കില്‍ സ്വാഗതാര്‍ഹമാണ്.
മുസ്‌ലിംലീഗിനെതിരെ കടുത്ത ഭാഷയാണ് ആര്യാടന്‍ ഉപയോഗിച്ചത്. കണ്ണൂരും കാസര്‍കോട്ടും അടികിട്ടിയ കാര്യം പറഞ്ഞ് പരിഹസിച്ചു. ലീഗിനു മുന്നില്‍ നാണംകെട്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആര്യാടന്റെ പ്രസംഗം നല്‍കുന്ന സന്തോഷം ചെറുതല്ല. അണികളുടെ ആത്മരോഷം തണുപ്പിക്കാനും ആത്മാഭിമാനം വീണ്ടെടുക്കാനും പ്രസംഗം സഹായിച്ചേക്കാം. എന്നാല്‍ ആര്യാടന്റെ പ്രസ്താവന ആത്മാര്‍ത്ഥമായിട്ടാണോയെന്ന സംശയം ബാക്കിയാവുകയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post