ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി: കാളികാവിലെ ഏക ആശുപത്രിയും നിര്‍ത്തി

കാളികാവ്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്ന് നിരവധി ആശുപത്രികള്‍ പിന്‍മാറി. ഇന്‍ഷ്വറന്‍സ് തുക സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നില്ലെന്നതിനാലാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കാരണം. കാളികാവിലെ ആരോഗ്യ ഇന്‍ഷ്വറന്‍സ് നടപ്പിലാക്കിയിരുന്ന ഏക ആശുപത്രിയും ഈ മാസം ഒന്ന് മുതല്‍ നിര്‍ത്തിയതോടെ പ്രദേശത്ത് ആര്‍ എസ് ബി വൈ കാര്‍ഡിന്റെ പ്രയോജനം ഇല്ലാതായി. ജില്ലയിലെ പ്രമുഖ ആശുപത്രികളിലൊന്നും പദ്ധതി നിലവിലില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ പ്രയോജനം കുറവാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നേരത്തേതന്നെ സൗജന്യ ചികിത്സ ലഭ്യമായതിനാലാണ് ഇന്‍ഷ്വറന്‍സ് കാര്‍ഡ് കൊണ്ട് കൂടുതല്‍ പ്രയോജനമല്ലാത്തത്. യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് സംസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്. ഈ കമ്പനി മിക്ക ജില്ലകളിലും പദ്ധതിയുടെ നടത്തിപ്പ് മറ്റ് പല കമ്പനികളേയുമാണ് ചുതലപ്പെടുത്തിയിരിക്കുന്നത്. മലപ്പുറം,പാലക്കാട് ജില്ലകളില്‍ പദ്ധതി മെഡി അസിസ്റ്റ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കാളികാവിലെ സ്വകാര്യ ആശുപത്രിക്ക് 13 ലക്ഷം രൂപ നല്‍കാനുണ്ട്. ഇത് കൂടാതെ പല സമയങ്ങളിലും ബില്ലില്‍ ലക്ഷങ്ങളുടെ വെട്ടിക്കുറവുകളും വരുത്തിയാണ് കാശ് നല്‍കുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. കൂടാതെ നിലവില്‍ പല ചികിത്സാ ചിലവുകളും ഗണ്ണ്യമായി വെട്ടിക്കുറവ് നടത്തിയിട്ടുമുണ്ട്. 8000 രൂപ ലഭിക്കുന്ന സിസേറിയന്‍ ചെലവ് 4000 രൂപയായും, 4000 രൂപ കിട്ടിയിരുന്ന സാധാരണ പ്രസവ ചികിത്സക്കുള്ള ചിലവ് 2500 രൂപയായും വെട്ടിക്കുറച്ചിട്ടുണ്ട്. നിലമ്പൂരിലേയും മറ്റ് പല പ്രദേശങ്ങളിലേയും ചില ആശുപത്രികള്‍ നേരത്തേതന്നെ പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ഒരുമാസം മുമ്പ് തന്നെ പദ്ധതി നിര്‍ത്തുകയാണെന്ന് അധികൃതരെ അറിയിച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും ‘ഭീമമായ നഷ്ടം സംഭവിച്ച് കൊണ്ടിരിക്കുന്നതിനാല്‍ പദ്ധതിയുമായി മന്നോട്ട് പോകാനാകില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതോടെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡിന്റെ പ്രയോജനം സാധാരക്കാര്‍ക്ക് അന്യമാവുകയാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post