പുറംതിരിഞ്ഞ് നില്‍ക്കുന്നവര്‍ മറുപടി പറയേണ്ടി വരും: കെ ടി ജലീല്‍

കോട്ടക്കല്‍: കാന്തപുരം നടത്തുന്ന കേരളയാത്രയോട് പുറം തിരിഞ്ഞ് നില്‍ക്കുന്നവര്‍ നാളെ കാലത്തോട് മറുപടി പറയേണ്ടി വരുമെന്ന് കെ ടി ജലീല്‍ എം എല്‍ എ. കോട്ടക്കലില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നത് സാധാരണമാണ്. അതാണ് ലോകചരിത്രവും. അഭിപ്രായ വ്യത്യാസങ്ങളോടൊപ്പം നന്മക്ക് വേണ്ടി ഒരുമിക്കുകയും സംസ്‌കൃതചിത്തരാവുകയുമാണ് വേണ്ടത്. യാത്ര സമാപിക്കുമ്പോള്‍ കേരള ചരിത്രത്തില്‍ പുതിയ സ്‌നേഹഗാഥ രചിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക , മതനേതാക്കളുടെയുെമല്ലാം നേതൃത്വത്തില്‍ നിരവധി യാത്രകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചിട്ടുണ്ട്.
എന്നാല്‍ കാന്തപുരം എല്ലാ യാത്രകളെയും പിന്നിലാക്കിയിരിക്കുകയാണ്. സംസ്‌കാരത്തിന്റെ നിദാനം മനുഷ്യത്വമാണ്. ആഗോളവത്കരണത്തിന്റെ ഭാഗമായി മനുഷ്യത്വം ചവിട്ടിമെതിക്കപ്പെട്ടു. കാരുണ്യവും സൗഹൃദവും സ്‌നേഹവുമെല്ലാം അന്യമാകുമ്പോള്‍ അതിനെതിരെയുള്ള ഉണര്‍ത്തു പാട്ടാണ് കാന്തപുരം നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണത്തിന്റെ മേലങ്കിയില്ലാതെ അറിവിന്റെ വിളക്കുമായി സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനം സാക്ഷാത്കരിക്കുകയും കാലത്തിന്റെ ദൗത്യം ഏറ്റെടുക്കാന്‍ തയ്യാറാവുകയും ചെയ്തുവെന്നതാണ് കേരളയാത്രയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗീകാരപത്രം കാന്തപുരത്തിന് ആവശ്യമില്ല. അദ്ദേഹത്തോടൊപ്പമുള്ള ജനക്കൂട്ടം അതാണ് തെളിയിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post