വേട്ടേക്കോടില്‍ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കണമെന്ന് റിപ്പോര്‍ട്ട്

മഞ്ചേരി: വേട്ടേക്കോട് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യം നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇനി മാലിന്യ നിക്ഷേപത്തിന് മഞ്ചേരി നഗരസഭ പുതിയ സ്ഥലം ഉടന്‍ കണ്ടെത്തണം.
ഹൈക്കോടതി നിര്‍ദേശ പ്രകാരം കഴിഞ്ഞയാഴ്ച്ച പരിസ്ഥിതി എന്‍ജിനീയര്‍റും സംഘവും വേട്ടേക്കോട് ട്രഞ്ചിംഗ് ഗ്രൗണ്ട് സന്ദര്‍ശിച്ചിരുന്നു. 25 വര്‍ഷമായി ദിവസം 18 ലോഡ് മാലിന്യം തള്ളിയിരുന്ന ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഇപ്പോള്‍ 15 മീറ്റര്‍ ഉയരത്തില്‍ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. മാലിന്യത്തിനു മീതെ 60 സെന്റിമീറ്റര്‍ ഉയരത്തില്‍ ചെളി മണ്ണിട്ട് മൂടണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എതിര്‍പ്പിനെ തുടര്‍ന്ന് ഇപ്പോള്‍ രണ്ട് ലോഡ് മാലിന്യമാണ് ഇവിടെ നിക്ഷേപിക്കുന്നത്. മണ്ണിര കമ്പോസ്റ്റ് മാലിന്യം ശുദ്ധീകരിക്കുന്നില്ല. പരിസരത്തെ കിണറുകളിലേക്ക് മാലിന്യം ഊര്‍ന്നിറങ്ങുന്നതിനാല്‍ കിണറുകളില്‍ ശുദ്ധജലം ഉപയോഗ ശൂന്യമായി. ട്രഞ്ചിംഗ് ഗ്രൗണ്ടിനും ശ്മശാനത്തിനും അറവുശാലക്കുമിടയില്‍ അതിര്‍ത്തികള്‍ നിര്‍ണയിച്ചിട്ടില്ല.ശ്മശാനവും അറവ്ശാലയും വെള്ളമില്ലാത്തതിനാല്‍ വൃത്തിഹീനമാണ്.
പ്ലാസ്റ്റിക് കത്തിക്കരുതെന്നും ഇന്‍സിനേറ്റര്‍ സ്ഥാപിക്കാന്‍ പൊലല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ട്രഞ്ചിംഗ് ഗ്രൗണ്ടിന് മൂന്ന് മീറ്റര്‍ ഉയരത്തില്‍ ചുറ്റുമതില്‍ സ്ഥാപിക്കണമെന്നും ഹോട്ടല്‍, പച്ചക്കറി മാര്‍ക്കറ്റ്, മത്സ്യ, മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മാലിന്യം ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ നിക്ഷേപിക്കരുതെന്നും നഗരത്തില്‍ പ്ലാസ്റ്റിക് റീ സൈക്ലിംഗ് യൂനിറ്റ് ആരംഭിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ട്രഞ്ചിംഗ് ഗ്രൗണ്ട് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് അഡ്വ. പി വേണുഗോപാല്‍ മുഖേന വേട്ടേക്കോട് മാലിന്യ നിര്‍മാര്‍ജന സമിതി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ട്രഞ്ചിംഗ് ഗ്രൗണ്ടിന്റെ ഇപ്പോഴത്തെ അവസ്ഥ പരിശോധിച്ച് മൂന്നാഴ്ചക്കകം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഗരസഭക്ക് ബോധിപ്പിക്കാനുള്ള മറുപടി ഒരാഴ്ചക്കകം കോടതിയില്‍ ബോധിപ്പിക്കണമെന്നും ഹൈക്കോടതി നഗരസഭയോടാവശ്യപ്പെട്ടു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post