പെന്‍ഷന്‍ പ്രായം: ഇടത് യുവജന മാര്‍ച്ചില്‍ സംഘര്‍ഷം

 മലപ്പുറം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഇടത് യുവജന സംഘടനകള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.
ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, എസ് എഫ് ഐ, ആര്‍ വൈ എഫ്, എന്‍ വൈ എല്‍ എന്നീ സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സി പി എം ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ടറേറ്റ് പരിസരത്ത് പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. കൊടി കെട്ടിയ വടികള്‍ ഉപയോഗിച്ച് പോലീസിനെ അക്രമിക്കുകയും കല്ലെറിയുകയും ചെയ്തു.
മലപ്പുറം സി ഐ. ടി ബി വിജയന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘമാണ് ഇവിടെ ക്യാമ്പ് ചെയ്തിരുന്നത്. ഇതിനിടയില്‍ സമരക്കാരുടെ അടിയേറ്റ് ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് വി പി റജീനക്കും കല്ലേറില്‍ ഓഫീസ് സെക്രട്ടറി കെ എം വഹാബിനും പരുക്കേറ്റു. സമരം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വി പി റജീനയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ബാരിക്കേഡ് തകര്‍ത്ത് സിവില്‍ സ്റ്റേഷനിലേക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമിച്ചെങ്കിലും പോലീസ് ബലംപ്രയോഗിച്ച് തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസിന് നേരെ കൈയേറ്റത്തിന് മുതിര്‍ന്നെങ്കിലും പോലീസ് സംയമനം പാലിക്കുകയായിരുന്നു. വി പി റജീനക്ക് പരുക്കേറ്റതിനെ തുടര്‍ന്ന് ഉദ്ഘാടനം ഒഴിവാക്കി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി അഡ്വ. കെ കെ സമദ് അധ്യക്ഷത വഹിച്ചു.
ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ടി സത്യന്‍, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി സി ജോയ്‌പോള്‍, എന്‍ വൈ സി ജില്ലാ പ്രസിഡന്റ് ശാജിര്‍, അബ്ദുല്ല നവാസ് പ്രസംഗിച്ചു. പി പി ലെനിന്‍ദാസ്, മുഹമ്മദ് ഇസ്ഹാഖ്, ജ്യോതിഷ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post