മലപ്പുറം: മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ സമരം തുടരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി റീജ്യണല്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. അകാരണമായി പുറത്താക്കിയ രണ്ട് നഴ്‌സുമാരെ തിരിച്ചെടുക്കുന്നതിനും വേതന, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായിരുന്നു ഇന്നലേയും ചര്‍ച്ച നടത്തിയിരുന്നത്. മുമ്പ് രണ്ട് ദിവസങ്ങളില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. ഇന്നലെ നടന്ന ചര്‍ച്ചയിലും മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാട് മൂലം പരിഹാരമാകാതെ പിരിയുകയായിരുന്നു. ഇന്ന് മുതല്‍ ജനകീയ സമിതിക്ക് രൂപം നല്‍കി സമര പരിപാടികളുമായി മുന്നോട്ട്‌പോകുമെന്നും, രണ്ട് ദിവസം മുമ്പ് ആശുപത്രി അധികൃതര്‍ നടത്തിയ ആരോപണങ്ങള്‍ എല്ലാം വാസ്തവ വിരുദ്ധമാണെന്നും യുണൈറ്റഡ് നഴ്‌സിംഗ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2009 ലെ മിനിമം വേതനം പോലും തങ്ങള്‍ക്ക് നല്‍കുന്നില്ല. എട്ട് മണിക്കൂര്‍ ഡ്യൂട്ടി എന്നുള്ളത് പാലിക്കപ്പെടുന്നില്ല. വിവിധ ലീവുകള്‍ ഉണ്ടെങ്കിലും അവ അനുവദിക്കുന്നില്ലെന്നും സമരത്തിന് എല്ലാ രാഷ്ട്രീയ, സംസ്‌കാരിക സംഘടനകളുടെയും പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. യു എന്‍ എ സംസ്ഥാന വൈസ് പ്രസിഡന്റ് സുജനപാല്‍, യൂനിറ്റ് സെക്രട്ടറി ബെന്‍ജോയി, യൂനിറ്റ് പ്രസിഡന്റ് സി ഷഫീഖ്, മിന്‍സി, സുബിഷ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മഞ്ചേരി നഴ്‌സിംഗ് സമരം: ജനകീയ സമിതി രൂപവത്കരിച്ചു
Malappuram News
0
Post a Comment