മഞ്ചേരി: അത്യാധുനിക സൗകര്യമുള്ള 108-ാം നമ്പര്‍ ആംബുലന്‍സ് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനുള്ള അധികൃതരുടെ ശ്രമം ഡി വൈ എഫ് ഐ - പി ഡി പി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാവിലെ 11ന് ആംബുലന്‍സ് മലപ്പുറം ഡി എം ഒ ഓഫീസിലേക്ക് കൊണ്ടും പോകവെ പിന്തുടര്‍ന്ന് മഞ്ചേരി കച്ചേരിപ്പടിയില്‍ തടയുകയായിരുന്നു. ഇതോടെ ഡ്രൈവര്‍ വാഹനം തിരിച്ച് ജനറല്‍ ആശുപത്രിയിലെത്തിച്ചു. കേരള എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് പ്രോജക്ട് പ്രകാരം ആലപ്പുഴ മെഡിക്കല്‍ കോളജിനനുവദിച്ച ആംബുലന്‍സ് സര്‍ക്കാര്‍ ഉത്തരവു പ്രകാരം താത്ക്കാലികമായി മഞ്ചേരിയിലേക്ക് മാറ്റിയതായിരുന്നു. എന്നാല്‍ പകരം സംവിധാനമില്ലാതെ ആംബുലന്‍സ് കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. രണ്ടു വര്‍ഷം മുമ്പ് ശബരിമല ഡ്യൂട്ടിക്ക് കൊണ്ടു പോയ ആധുനിക ആംബുലന്‍സ് ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയില്‍ നാല് ആംബുലന്‍സുകളും തിരുവനന്തപുരത്ത് ആറ് ആംബുലന്‍സുകളുമുള്ളപ്പോള്‍ ഏറ്റവുമധികം ജനസംഖ്യയുള്ളതും പിന്നാക്കം നില്‍ക്കുന്നതുമായ മലപ്പുറം ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ ഒരു ആംബുലന്‍സ് മാത്രമാണുള്ളത്.
ആശുപത്രി സൂപ്രണ്ട് ഡോ. എ പി പാര്‍വ്വതിയുടെ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ, പി ഡി പി സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇതോടെ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുമ്പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പിന്‍വാതിലിലൂടെ രക്ഷപ്പെട്ട സൂപ്രണ്ട് ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് പൊലീസ് അകമ്പടിയോടെ തിരിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഡി എം ഒ ഡോ. കെ സക്കീന, എ ഡി എം. എന്‍ കെ ആന്റണി, ഡെപ്യൂട്ടി കലക്ടര്‍ വേണുഗോപാല്‍, തഹസീല്‍ദാര്‍ ജയശങ്കര്‍ പ്രസാദ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ കെ വി ഗീതക്ക്, സി ഐ. സി എം ദേവദാസ്, ആര്‍ എം ഒ ഡോ. ഷാജു തോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സി വിജയലക്ഷ്മി, അഡ്വ. വി പി റജീന, വി അജിത് കൂമാര്‍, സലീം മേച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കുന്നതുവരെ ആംബുലന്‍സ് മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ സമരക്കാര്‍ പിന്തിരിയുകയായിരുന്നു.
Post a Comment