പ്രവാസികളില്‍ നമ്പര്‍ വണ്‍ മലപ്പുറം

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം പ്രവാസികളുടേതാണ്. പ്രവാസികളില്ലെങ്കില്‍ കേരളം പോലുള്ള ഒരു സംസ്ഥാനം തൊഴിലില്ലായ്മ കൊണ്ടും പട്ടിണികൊണ്ടും വീര്‍പ്പുമുട്ടുമായിരുന്നു. പ്രവാസികളുടെ എണ്ണത്തില്‍ സംസ്ഥാനത്ത് മലപ്പുറം ജില്ലയാണ് ഒന്നാംസ്ഥാനത്ത്. പ്രവാസികളിലൂടെ കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പണമെത്തുന്നതു മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം 9,040 കോടി രൂപ ജില്ലയിലേക്കെത്തി. ജില്ലയിലെ ഒരു വീടിന് 1.14 ലക്ഷം രൂപ എന്ന ക്രമത്തില്‍ പണം ലഭിക്കുന്നുണ്ടെന്നു സര്‍വേ പറയുന്നു.
കേരളത്തിലാകെ 22.8 ലക്ഷം പ്രവാസികള്‍ ഉള്ളതില്‍ 4.08 ലക്ഷവും മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ്. ആകെയുള്ളതിന്റെ 17.90%. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ജില്ലയില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. സിഡിഎസ് നടത്തിയ പ്രവാസി സര്‍വേയിലാണ് (2011) ഈ വിവരങ്ങളുള്ളത്. 1998ലെ കണക്ക് പ്രകാരം അന്ന് ആകെയുള്ളതിന്റെ 21.8% മലപ്പുറത്തായിരുന്നു. കേരളത്തിനുപുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന പ്രവാസികളുടെ എണ്ണം 9.31 ലക്ഷമാണ്. 2008ല്‍ ഇത് 9.14 ലക്ഷമായിരുന്നു. പാലക്കാട് ജില്ലക്കാരാണ് അന്യസംസ്ഥാനങ്ങളില്‍ താമസിക്കുന്നവരില്‍ കൂടുതല്‍.
മലയാളികളായ പ്രവാസികളില്‍ 45% മുസ്‌ലിംകളാണ്. കേരളത്തില്‍നിന്നു വിദേശത്തു ജോലിചെയ്യുന്നവരില്‍ 90 ശതമാനത്തിലധികവും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഇതില്‍ യുഎഇയിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത് (40% ). രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത് സൗദി അറേബ്യ (25%). സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്നുള്ള കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ സൗദി അറേബ്യയിലെ മലയാളി പ്രവാസികളുടെ എണ്ണത്തില്‍ രണ്ടു ശതമാനം വര്‍ധനയുണ്ടായി.
കേരളത്തിന്റെ വികസനത്തിന്റെ പ്രധാന പങ്ക് വഹിച്ച പ്രവാസികളെ ഇപ്പോഴും വേണ്ട രീതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പരിഗണിക്കുന്നില്ലെന്നാണ് പ്രവാസികള്‍ പറയുന്നത്. വിദേശ രാജ്യങ്ങളില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ പല കള്ളക്കേസുകളിലും അകപ്പെടാറുണ്ട്. എന്നാല്‍ അവരെ മോചിപ്പിക്കുന്നതിനോ, മറ്റോ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പ്രവാസികളുടെ പരാതി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم