മദ്‌റസ അധ്യാപക പരിശീലനം തുടങ്ങി

കോട്ടക്കല്‍: ന്യൂനപക്ഷ വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായ എസ് എസ് എ നടപ്പിലാക്കുന്ന മദ്‌റസാധ്യാപക പരിശീലന ക്യാമ്പുകള്‍ തുടങ്ങി. ജില്ലയിലെ വിവിധ മുസ്‌ലിം സംഘടനകളുടെ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ അധ്യാപകര്‍ക്കാണ് രണ്ട് ദിവസത്തെ പരിശീലന ക്ലാസുകള്‍ നല്‍കുന്നത്. ജില്ലയിലെ പ്രഥമ പരിശീലന ക്ലാസ് കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്നു. കോട്ടക്കല്‍ സുന്നി റൈഞ്ചിലെ അധ്യാപകര്‍ക്കാണ് ക്യാമ്പ് നടത്തിയത്. രണ്ട് ദിവസങ്ങളിലായി നാലു ക്ലാസുകളാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. കുട്ടിയെ അറിയുക, മാറുന്ന ക്ലാസ് മുറികള്‍, മാറേണ്ട അധ്യാപകര്‍, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍, വീടും സമൂഹവും സജ്ജമാക്കല്‍ എന്നീ വിഷയങ്ങളാണ് ക്യാമ്പില്‍ ചര്‍ച്ച ചെയ്യുന്നത്. പഠന രംഗത്ത് പിന്നാക്കം നില്‍ക്കുന്നവരെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് ആവശ്യമായ പരിശീലന പരിപാടികളാണ് നടത്തുന്നത്. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് അതത് ബ്ലോക്കുകള്‍ക്ക് പരിധിയില്‍ വരുന്ന എ ഇ ഒ, വി ആര്‍ ഡി ഓഫീസര്‍മാരാണ് മേല്‍നോട്ടം വഹിക്കുന്നത്. അടുത്ത ഏപ്രില്‍ മാസത്തോടെ ജില്ലയിലെ പരിശീലനം പൂര്‍ത്തിയാക്കാനാണ് നീക്കം. വിവിധ വിഭാഗങ്ങളിലെ മദ്‌റസ അധ്യാപകര്‍ക്ക് പ്രത്യേകമായാണ് ക്ലാസുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തയ്യാറാക്കിയ പരിശീലന പദ്ധതിയാണ് അധ്യാപകര്‍ക്ക് നല്‍കുന്നത്. ഇതിനായി നേരത്തെ ഓരോ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. കോട്ടക്കല്‍ അധ്യാപക ഭവനില്‍ നിന്നാണ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കിയത്. മലപ്പുറം ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ വിജയസാധ്യത പഠിച്ച് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. തുടര്‍ പരിശീലനവും അടുത്ത അധ്യായന വര്‍ഷത്തോടെ തുടങ്ങും. മലപ്പുറം ജില്ലയിലെ പ്രഥമ ക്ലാസിന്റെ പരിശീലന ക്യാമ്പില്‍ വേങ്ങര എ ഇ ഒ പി രാജ്‌മോഹന്‍, വി ആര്‍ ഡി മുനീഫ്, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, ബഷീര്‍ മിസ്ബാഹി, കെ സി ഉമര്‍ മുസ്‌ലിയാര്‍, സലാഹുദ്ദീന്‍ മുസ്‌ലിയാര്‍ കുറ്റിക്കാട്ടൂര്‍ ക്ലാസെടുത്തു. സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി പി കെ ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ആട്ടീരി മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്ന ക്ലാസില്‍ കെ പി എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم