ചൂടില്‍ പുറത്തിറങ്ങാനാകതെ ഗ്രാമവാസികള്‍

തിരൂര്‍ : അതികഠിനമായ ചൂടില്‍ പുറത്തിറങ്ങാനാകതെ ഗ്രാമവാസികള്‍ വലയുന്നു. പലയിടത്തും കുടിവെള്ളം മുടങ്ങിയത് സ്ത്രീകളടക്കമുള്ള നാട്ടുകാരെ തെരുവിലിറക്കിയിട്ടുണ്ട്. പതിവിന് വിപരീതമായി കിണറുകളില്‍ ജലനിരപ്പ് താഴ്ന്നത് നാട്ടുകാരെ കൂടുതല്‍ ആശങ്കയിലാക്കി.
വേനല്‍മഴ തീരെ ലഭിക്കാത്തതാണ് കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാക്കിയത്. പല പഞ്ചായത്തുകളിലും കുടിവെള്ള പദ്ധതികള്‍പേരിന് ഉണ്ടെങ്കിലും അതൊന്നും പ്രായോഗികമല്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇതിനകം തന്നെ ചിലയിടങ്ങളില്‍ വിവിധ സമരപരിപാടികള്‍ അരങ്ങേറുകയും ചെയ്തിരുന്നു. തലക്കാട് പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം മൂലം കഴിഞ്ഞദിവസം നാട്ടുകാര്‍ പ്രസിഡന്റിനെ ഉപരോധിച്ചിരുന്നു. പുറത്തൂര്‍ പഞ്ചായത്തിലാകട്ടെ വീട്ടമ്മമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മുട്ടന്നൂരില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിച്ചതില്‍ അപാകതയുണ്ടെന്നും പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് സ്ത്രീകളടക്കം മുന്നിട്ടിറങ്ങി പ്രക്ഷോഭം സംഘടിപ്പിച്ചത്. തൃപ്രങ്ങോട് പഞ്ചായത്തിലും ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. കിണറുകളിലെ ജലനിരപ്പ് താഴ്ന്നതിനാല്‍ പല കര്‍ഷകരും എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم