അര കിലോഗ്രാം കഞ്ചാവുമായി വില്‍പ്പനക്കാരന്‍ പിടിയില്‍

പെരിന്തല്‍മണ്ണ: അര കിലോഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന വെട്ടത്തൂര്‍ കവല കളത്തില്‍ സലീം എന്ന കഞ്ചാവ് സലീം (48) പോലീസ് പിടിയിലായി. പൂപ്പലം മീന്‍മാര്‍ക്കറ്റ് പരിസരത്തു നിന്നും പിടികൂടിയത്. ജില്ലയിലെ പ്രധാന ടൗണുകളിലും ബാര്‍ പരിസരങ്ങളിലും കഞ്ചാവ് പൊതികളാക്കി വില്‍പ്പന നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. നിലമ്പൂര്‍, പാണ്ടിക്കാട്, മേലാറ്റൂര്‍, വെട്ടത്തൂര്‍, പട്ടിക്കാട് എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി കഞ്ചാവ് എത്തിച്ച് കൊടുക്കുന്നത് ഇയാളാണെന്ന് പോലീസ് പറഞ്ഞു. ഒരു കിലോ കഞ്ചാവ് പതിനായിരം രൂപ മുതല്‍ വില ഈടാക്കുന്നുണ്ടെന്നും ഇടുക്കി, മറയൂര്‍ എന്നിവിടങ്ങളിലെ ഇടനിലക്കാരാണ് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്നും പ്രതി സമ്മതിച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് കെ സേതുരാമന്റെ നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പോലീസ് പിടിയിലായത്. പടിയിലായ സലീമിന്റെ പേരില്‍ മേലാറ്റൂര്‍, മണ്ണാര്‍ക്കാട് സ്റ്റേഷനുകളില്‍ കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ട്. ഇവയുടെ വിചാരണ കോടതിയില്‍ നടന്നു വരുന്നതിനിടെയാണ് വീണ്ടും പിടിയിലായത്. ഇതോടെ മേഖലയിലെ കഞ്ചാവ് വില്‍പ്പന സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതായും കൂടുതല്‍ പേര്‍ അടുത്ത ദിവസങ്ങളില്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ എസ് ഐ മനോജ് പറയറ്റ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരായ പി കെ അബ്ദുസ്സലാം, പി മോഹന്‍ദാസ്, സി പി മുരളി, സി പി സന്തോഷ്, ഉമര്‍ എം എന്നിവരാണ് പിടികൂടിയത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم