ജി ടെക് ഉടമകള്‍ ഫ്രാഞ്ചൈസികള്‍ ഉപേക്ഷിക്കുന്നു

മലപ്പുറം: പ്രമുഖ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനമായ ജി ടെക് കമ്പ്യൂട്ടര്‍ എജ്യുക്കേഷന്‍ മാനേജിംഗ് ഡയറക്ടറും ചെയര്‍മാനും തമ്മിലുള്ള തര്‍ക്കവും ആദായ നികുതി അടക്കാത്തതിനെ തുടര്‍ന്ന് കേരളത്തിലെ ഫ്രാഞ്ചൈസികളില്‍ നിന്ന് പണം ഈടാക്കാനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് ഉടമകള്‍ ഫ്രാഞ്ചൈസികള്‍ ഉപേക്ഷിക്കുന്നു.
 2001 മുതല്‍ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്ന മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ 25ഓളം സ്ഥാപനങ്ങളാണ് ഇതേ തുടര്‍ന്ന് പുതിയ കമ്പനി രൂപവത്കരിച്ചിരിക്കുന്നത്. വിട്ടുപോന്നവര്‍ സ്‌ക്വാഡ്ര എജ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ രണ്ട് കോടിയോളം രൂപ വെട്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ തുക ഓരോ ഫ്രാഞ്ചൈസികളും അടക്കണമെന്നാവശ്യപ്പെട്ട് ആദായ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ജി ടെക് സെന്ററുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ഇക്കാര്യം കമ്പനിയെ അറിയിച്ചപ്പോള്‍ ചെയര്‍മാനും എം ഡിയും പരസ്പരം പഴിചാരുകയാണ് ചെയ്തതെന്നും ഫ്രാഞ്ചൈസി ഉപേക്ഷിച്ചവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
കമ്പനി ചെയര്‍മാന്‍ വി പി അബ്ദുല്‍ കരീമും എം ഡി മെഹ്‌റൂഫും തമ്മിലുള്ള പങ്കാളിത്ത പ്രശ്‌നത്തെ തുടര്‍ന്ന് ചെയര്‍മാനെ പുറത്താക്കിയതായി എം ഡി അറിയിക്കുകയും ചെയ്തു. ഇതിനെതിരെ ചെയര്‍മാന്‍ നല്‍കിയ പരാതില്‍ ഇരുവര്‍ക്കും തുല്യപങ്കാളിത്തമുള്ളതായി ചെന്നൈ കോടതി ഉത്തരവിടുകയും ചെയ്തു. കോഴിക്കോട് കോടതിയിലും ഇതുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ജി ടെക് എജ്യുക്കേഷന്‍ എന്ന പേര് പരസ്യപ്പെടുത്തുന്നത് ചെന്നൈ കോടതി വിലക്കിയിട്ടും ഇപ്പോഴും ഈ പേരില്‍ പരസ്യം നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. ഫ്രാഞ്ചൈസികളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നും നിരവധി ഫ്രാഞ്ചൈസികള്‍ കരാര്‍ ഉടന്‍ കരാര്‍ അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരായ പി അജയ്കുമാര്‍, യു വി ശബീബ്, എം പി സാവന്‍കുമാര്‍, ഐ സല്‍മാനുല്‍ ഫാരിസ്, എന്‍ പ്രീഷ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم