മാലിന്യ സംസ്‌കരണത്തിന് ജനകീയമുന്നേറ്റം അനിവാര്യം: ഇ ടി

മലപ്പുറം: മാലിന്യ സംസ്‌കരണത്തിന് ജനങ്ങളെ ബോധവത്കരിച്ച് ഒരു ജനകീയ മുന്നേറ്റം അനിവാര്യമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി അഭിപ്രായപ്പെട്ടു. ഗ്രാമവികസന പദ്ധതികള്‍ക്കായുള്ള ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു കമ്മിറ്റിയുടെ കോ-ചെയര്‍മാന്‍കൂടിയായ ഇ ടി മുഹമ്മദ് ബഷീര്‍. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഓഫീസര്‍ ഫിലിപ്പ് പദ്ധതി പുരോഗതി വിശദീകരിച്ചു. 2011-12 ല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മണ്ണ്-ജല സംരക്ഷണം, വരള്‍ച്ച നിവാരണം, ചെറുകിട ജലസേചനം, പട്ടികജാതി-വര്‍ഗക്കാരുടെ ഭൂമിയില്‍ ജലസേചന സൗകര്യം, പരമ്പരാഗത സ്രോതസുകളുടെ പുനരുദ്ധാരണം, ഭൂവികസനം, വെള്ളപ്പൊക്ക നിവാരണം, ഗ്രാമീണ റോഡുകള്‍ എന്നിവക്കായി 2012 ഫെബ്രുവരി 29 വരെ ആകെ 6051 പ്രവൃത്തികള്‍ പൂര്‍ത്തിയായി. 7504 പ്രവൃത്തികളാണ് ഏറ്റെടുത്തിരുന്നത്. 1453 പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. 4869.15 ലക്ഷം ഇതുവരെ ചെലവാക്കി. കേന്ദ്ര-സംസ്ഥാന വിഹിതത്തിന്റെ 78 ശതമാനമാണ് വിനിയോഗിച്ചത്. 161,680 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 101,698 കുടുംബങ്ങള്‍ക്കാണ് തൊഴില്‍ നല്‍കിയത്. ഐ എ വൈ പട്ടികയില്‍ ഉള്‍പ്പെടാന്‍ റേഷന്‍കാര്‍ഡ്‌നിര്‍ബന്ധമാക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിര്‍ദേശം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പാലിക്കണം. പി. എം ജി എസ് വൈ പ്രവൃത്തികള്‍ ജില്ലാതലത്തില്‍ ടെന്‍ഡര്‍ ചെയ്യുന്നതു സംബന്ധിച്ച് നിര്‍ദേശം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അന്നപൂര്‍ണ പദ്ധതിയില്‍ നിലവിലുള്ള 3980 ഗുണഭോക്താക്കളെ കൂടാതെ 941 ഗുണഭോക്താക്കളെ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും പട്ടിക കിട്ടിയാലുടന്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ സപ്‌ളൈ ഓഫീസര്‍ അറിയിച്ചു. ഇന്ദിരാ ആവാസ് യോജനയില്‍ ആകെ 1889.47 ലക്ഷം ചെലവഴിച്ചു. ഇതില്‍ 751.73 ലക്ഷം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും 655.76 ലക്ഷം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമാണ്. ഫണ്ട് വിനിയോഗം 66.95 ശതമാനം. സ്വര്‍ണ ജയന്തി ഗ്രാമസ്വരോസ്ഗാര്‍ യോജനാ പദ്ധതിയില്‍ ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍, തൊഴില്‍ പരിശീലനം എന്നിവയ്ക്കായി 2032 കുടുംബങ്ങള്‍ക്ക് സഹായം നല്‍കി. ഇതില്‍ 625 കുടുംബങ്ങള്‍ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 963 ന്യൂനപക്ഷ വിഭാഗക്കാരുമാണ്. പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പ്രകാരം 81 റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹരിയാലി പദ്ധതിക്ക് കീഴില്‍ ഏറനാട് താലൂക്കില്‍ 2570 ഹെക്റ്ററിലും തിരൂരങ്ങാടി ബ്ലോക്കില്‍ 1685 ഹെക്ടറിലും മണ്ണ്-ജല സംരക്ഷണ പ്രവൃത്തികള്‍ നടത്തി. സംയോജിത നീര്‍ത്തട പരിപാലന പരിപാടിയില്‍ ആദ്യ ഗഡുവായി 42.63 ലക്ഷം ലഭിച്ചിട്ടുണ്ട്. വണ്ടൂരില്‍ വാഴക്കാട്, മമ്പാട്, തിരുവാല പഞ്ചായത്തുകളിലും അരീക്കോട്, കാവനൂര്‍, കുഴിമണ്ണ, ചീക്കോട്, ഊര്‍ങ്ങാട്ടിരി, കീഴുപറമ്പ്, എടവണ്ണ പഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുക. സാങ്കേതിക സഹായത്തിനുള്ള ഏജന്‍സിയായി മഞ്ചേരിയിലെ രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എം എല്‍ എമാരായ പി ഉബൈദുല്ല, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ്, എ ഡി എം. എന്‍ കെ ആന്റണി, പ്ലാനിംഗ് ഓഫീസര്‍ കെ മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم