സംസ്ഥാന ബജറ്റില്‍ മലപ്പുറത്തിന്‌ ഇരുപത്തിമൂന്നരക്കോടിയുടെ പദ്ധതികള്‍

മലപ്പുറം: സംസ്ഥാന ബജറ്റില്‍ മലപ്പുറം ജില്ലയ്ക്ക് ഇരുപത്തി മൂന്നരക്കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു. കൂടാതെ കോട്ടയ്ക്കലിലെ ആയുര്‍വേദ സര്‍വ്വകാലാശാലയും താനൂരിലെ മീന്‍പിടുത്ത തുറമുഖവും ഉള്‍പ്പെടെ നിരവധി അന്തര്‍ ജില്ലാ പദ്ധതികള്‍ക്കായി ആകെ 51 കോടിയും പ്രഖ്യാപിച്ചു. എജ്യൂ ഹെല്‍ത്ത് സിറ്റി, കാന്‍സര്‍ ആശുപത്രി, നിള ടൂറിസം പദ്ധതി, മലയാളം സര്‍വ്വകാലാശാല, വണ്ടൂരില്‍ കമ്മ്യൂണിറ്റി കോളേജ്, ഈസ്റ്റേണ്‍ കോറിഡോര്‍ ടൂറിസം പദ്ധതി എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താനൂര്‍ മീന്‍പിടുത്ത തുറമുഖത്തിന്റെ നിര്‍മ്മാണത്തിനുവേണ്ടിയാണ്‌ ഏറ്റവുംകൂടുതല്‍ തുക പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയ്ക്കല്‍ ആയുര്‍വേദ സര്‍വ്വകലാശാല, പൊന്നാനി -വെങ്ങളം തീരദേശ പാത, തിരൂരങ്ങാടി ഐ.എച്ച്.ആര്‍/ഡി കോളേജ്, എന്നിവയ്ക്ക് ഒരു കോടിവീതവും മലയാളം സര്‍വ്വകലാശാലയ്ക്ക് അരക്കോടിയും നിള ടൂറിസം പദ്ധതിക്ക് 10 ലക്ഷവും പദ്ധതി തുക നീക്കി വെച്ചിട്ടുണ്ട്.

സംസ്ഥാന ജലപാതയില്‍ പൊന്നാനി വരെയും വെട്ടം മുതല്‍ കോരപ്പുഴവരെയുമുള്ള കനാല്‍ നവീകരണം, ഭാരതപ്പുഴ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ബലിതര്‍പ്പണ മണ്ഡപങ്ങള്‍ പണിയാന്‍ ആകെ 60 ലക്ഷം, ഭാരതപ്പുഴ, ചാലിയാര്‍ ഉള്‍പ്പെടെയുള്ള നദീതട വികസനത്തിന് 13 കോടി, മഞ്ചേരി കോട്ടയ്ക്കല്‍ ഉള്‍പ്പെടെ വ്യവസായ എസ്റ്റേറ്റിന് 20 കോടി എന്നിവ ജില്ലയ്ക്ക് കൂടി പ്രയോജനമാകും. സീപോര്‍ട്-എയര്‍പോര്‍ട്ട് വികസന പദ്ധതിയില്‍ കരിപ്പൂര്‍ ഉള്‍പ്പെട്ടതാണ് മറ്റൊന്ന്. മലപ്പുറത്ത് ഉള്‍പ്പെടെ നാലിടത്ത് വനിതാ ഐ.ടി.ഐ.ക്ക് 2.5കോടി, വഴിക്കടവ് ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ഏകോപിത ചെക്ക് പോസ്റ്റിന് 15 കോടി തുടങ്ങിയവയും ജില്ലയ്ക്കും കൂടിയുള്ള നേട്ടമാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post