കരിങ്കൊടിക്കാര്‍ക്കും മെഡിക്കല്‍ കോളജ് ആശ്രയം നല്‍കുമെന്ന് മാണി

മഞ്ചേരി: നാടും നഗരവും ആഹ്ലാദ തിമിര്‍പ്പില്‍ ആഘോഷിക്കുമ്പോള്‍ പുറത്ത് കരിങ്കൊടിയുമായി നില്‍ക്കുന്നവര്‍ക്കും നാളെ മെഡിക്കല്‍ കോളജ് ആശ്രയിക്കേണ്ടി വരുമെന്ന് ധനമന്ത്രി കെ.എം മാണി. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 660 പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍, 230 കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, 15 ജില്ലാ ആശുപത്രികള്‍, 11 ജനറല്‍ ആശുപത്രികള്‍, അഞ്ചു മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവയാണ് നിലവിലുള്ളത്. ആറാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് മഞ്ചേരിയില്‍ യാഥാര്‍ഥ്യമായത്. ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഇത്രയും അധികം ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്ളത് കേരളത്തില്‍ മാത്രമാണ്. മഞ്ചേരി മെഡിക്കല്‍ കോളേജ് സംസ്ഥാനത്തെ മികച്ച ആരോഗ്യ വിദ്യാഭ്യാസ കേന്ദ്രമാക്കി ഉയര്‍ത്തുമെന്നും മാണി പറഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post