പ്രവാസികള്‍ക്ക് ഇരുട്ടടിയായി പൈലറ്റ് സമരം

മലപ്പുറം: സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ പൈലറ്റ് സമരം ഇരുട്ടടിയായി. അവധിക്കാലത്ത് നാട്ടിലേക്കെത്താന്‍ കൊതിച്ചവര്‍ക്കു മുന്നില്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കും വിമാനം റദ്ദാക്കലും വന്‍മതില്‍ സൃഷ്ടിക്കുന്നു. സൗദിയില്‍ ഈ 20 മുതല്‍ ഓഗസ്റ്റ് അവസാനം വരെ അവധിക്കാലമാണ്. സ്കൂളുകള്‍ പ്രവര്‍ത്തിക്കില്ല. ഒട്ടുമിക്ക ഓഫിസുകള്‍ക്കും അവധിയാണ്. പ്രവാസികളില്‍ ഭൂരിഭാഗവും ഈ സമയത്തു നാട്ടിലേക്കു വരും. സാധാരണയായി അവധിക്കാലത്തു വിമാനക്കമ്പനികള്‍ യാത്രക്കാരെ പിഴിയാറുണ്ടെങ്കിലും ഇത്തവണ പൈലറ്റ് സമരംമൂലം നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിച്ചു.

എയര്‍ ഇന്ത്യ വിമാനത്തില്‍ ജിദ്ദയിലേക്ക് 9,500 രൂപയ്ക്കുവരെ മുന്‍പ് ടിക്കറ്റ് ലഭ്യമായിരുന്നുവെങ്കില്‍ സ്വകാര്യ വിമാനക്കമ്പനികള്‍ ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് 30,000 രൂപയ്ക്കു മുകളിലാണ്. ഉയര്‍ന്ന ക്ലാസിലെ ടിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ അരലക്ഷം രൂപ വരെ മുടക്കേണ്ടിവരും. മാസം 1,500 റിയാല്‍ (21,000 രൂപ) ശമ്പളത്തില്‍ ജോലിചെയ്യുന്നവര്‍ ഈ അവധിക്കാലത്ത് ടിക്കറ്റിനായി 2,500 റിയാല്‍ വരെ മുടക്കേണ്ട സ്ഥിതിയാണുള്ളത്. എയര്‍ ഇന്ത്യയുടെ റിയാദ് ഓഫിസ് പല ദിവസങ്ങളിലും തുറക്കുന്നില്ലെന്നും ചില പ്രവാസികള്‍ പരാതിപ്പെടുന്നു.

നിലവില്‍ കോഴിക്കോട്ടുനിന്ന് സൗദി എയറിനും എയര്‍ ഇന്ത്യയ്ക്കും മാത്രമാണ് ജിദ്ദയിലേക്കു സര്‍വീസുള്ളത്. ആറര മണിക്കൂറോളം വരും യാത്രാദൈര്‍ഘ്യം. ബാക്കിയുള്ളവയെല്ലാം റിയാദ്, ദമാം എന്നിവിടങ്ങളിലേക്കാണുള്ളത്. ഷാര്‍ജ, ദുബായ്, ദോഹ, മസ്കറ്റ് എന്നിവിടങ്ങളിലൂടെ കറങ്ങി പോകുന്നതിനാല്‍ 12 മുതല്‍ 14 മണിക്കൂര്‍ വരെ സമയമെടുത്താണ് റിയാദിലോ ദമാമിലോ എത്തുന്നത്. പുലര്‍ച്ചെ 4.45ന് കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന സ്വകാര്യ വിമാനക്കമ്പനിയുടെ വിമാനം ഷാര്‍ജയില്‍ രാവിലെ എട്ടരയോടെ എത്തും.

എന്നാല്‍ അവിടെനിന്നു വിമാനം റിയാദിലേക്കു പറക്കുന്നത് രാത്രി ഏഴിനു മാത്രമാണ്. ഇതിനിടയിലുള്ള സമയത്ത് യാത്രക്കാര്‍ക്കു വിമാനത്താവളത്തില്‍നിന്നു പുറത്തിറങ്ങാന്‍പോലും പറ്റില്ല. ഭക്ഷണമോ വെള്ളമോപോലും വിമാനക്കമ്പനികള്‍ നല്‍കില്ലെന്നും പ്രവാസികള്‍ ആരോപിക്കുന്നു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post