വിക്കിപീഡിയ അന്തര്‍ദേശിയ സെമിനാറില്‍ മലപ്പുറത്ത്കാരിയും

മലപ്പുറം: മലയാളം വിക്കിപീഡിയയിലെ സജീവ ഉപയോക്താവായ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിക്ക് അന്തര്‍ദേശിയ സെമിനാറില്‍ പങ്കെടുക്കാനസരം ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മൂന്നാംവര്‍ഷ എം ബി ബി എസ് വിദ്യാര്‍ഥിനിയായ നത ഹുസൈനാണ് വിക്കിപീഡിയ സംഘടിപ്പിച്ച അന്തര്‍ദേശീയ വിമണ്‍സ് കോണ്‍ഫറന്‍സില്‍ ഇന്ത്യയെ പ്രതിനധീകരിച്ച് പങ്കെടുത്തത്.
വിക്കീപീഡിയ സംഘടിപ്പിച്ച കോണ്‍ഫറന്‍സില്‍ രാജ്യത്ത് നിന്ന് പങ്കെടുത്ത ഏക ഇന്ത്യന്‍ വനിതകൂടിയാണ് ഇരുപത്തൊന്നുകാരിയായ നത. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണെസ് അയ്‌റിസിലാണ് വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്യുന്ന വനിതകളുടെ അന്തര്‍ദേശീയ സമ്മേളനമായ ലോക വിക്കി വിമണ്‍സ് ക്യാമ്പും സമ്മേളനവും നടന്നത്. മേയ് 23 മുതല്‍ 26 വരെ നടന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പതിനേഴ് അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ഇതിലൊന്നില്‍ മലയാളിയായ നത ഹുസൈന് ലഭിച്ച അവസരത്തില്‍ മലയാളം വിക്കീപീഡിയയിലെ അണിയറ പ്രവര്‍ത്തകരും സന്തുഷ്ടരാണ്. 2010 ലാണ് നെത മലയാളം വിക്കീപീഡിയയുടെ ഓണ്‍ലൈന്‍ സൈറ്റായ http://ml.wikipedia.org യില്‍ ആദ്യലേഖനം എഴുതുന്നത്. മലയാളിക്ക് സുപരിചിതമായ ചമ്മന്തിയെ കുറിച്ചായിരുന്നു ലേഖനം. ചമ്മന്തിയെ കുറിച്ച് തനിക്കാവുന്ന വിവരങ്ങളെല്ലാം ശേഖരിച്ച് തയ്യാറാക്കിയ ലേഖനം പിന്നീട് വിക്കിപീഡിയയിലെ എഡിറ്റര്‍മാര്‍ പലരും ചേര്‍ന്ന് വിപുലപ്പെടുത്തി. ചമ്മന്തിയെ കുറിച്ച് ഇംഗ്ലീഷുള്‍പ്പടെ മറ്റു ഭാഷകളില്‍ നിലവില്‍ ലേഖനമുണ്ടെങ്കിലും ലേഖനത്തിന്റെ ഡെപ്തില്‍ മലയാളത്തിലെ ഈ ലേഖനം തന്നെയാണ് ഒന്നാമത്. ഇന്ത്യന്‍ ഭാഷകളിലെ വിക്കീപിഡിയയില്‍ ലേഖനത്തിന്റെ ഡെപ്തിന്റെ കാര്യത്തില്‍ മലയാളം തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഇന്നലെവരെയുള്ള കണക്ക് പ്രകാരം മലയാളം വിക്കീപിഡിയയില്‍ 23,768 ലേഖനങ്ങളാണുള്ളത്. സാഹിത്യം, പാചകം,ജീവശാസ്ത്രം തുടങ്ങി നിരവധി വിഷയങ്ങളില്‍ ലേഖനവും നെത എഴുതിയിട്ടുണ്ട്. തുടരുന്നുമുണ്ട്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലെ ഫെഡറല്‍ ബാങ്ക് മാനേജരായ ഹുസൈന്റെയും കോഴിക്കോട് കോടതിയിലെ അഭിഭാഷകയായ ജുവൈരിയയുടെയും മൂത്തമകളാണ് നേത ഹുസൈന്‍. വിക്കിമീഡിയ സംരംഭങ്ങളില്‍ സ്ത്രീകള്‍ നല്‍കുന്ന സംഭാവനകളെ കുറിച്ചും, കൂടുതല്‍ സ്ത്രീകളെ വിക്കിമീഡിയയിലേക്ക് ആകര്‍ഷിക്കുന്നതിനെ കുറിച്ചും, വിക്കിപദ്ധതികളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ സമ്മേളനത്തില്‍ വിശദമായ ചര്‍ച്ച നടന്നെന്ന് നത പറഞ്ഞു.

Keywords: Seminar, Malappuram, Parappanagadi, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post