Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News

ചരിത്രം പറയുന്ന നിലമ്പൂര്‍ തേക്കുകള്‍

Written By Malappuram News on Tuesday, May 1, 2012 | 11:00 AM

നിലമ്പൂരിന്റെ തേക്കിന്‍ മഹിമക്ക് സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയിരുന്ന വ്യാപാരികളും സഞ്ചാരികളും നിലമ്പൂരിലെ തേക്കുതോട്ടങ്ങള്‍ സന്ദര്‍ശിക്കുകയും തേക്കുകള്‍ കയറ്റിക്കൊണ്ടുപോകുകയും പതിവായിരുന്നു. വന രാജാവായ തേക്കിന്റെ പ്രതാപമാണ് നിലമ്പൂരിന് ലോക പ്രശസ്തിയുടെ നെറുകയില്‍ സ്ഥാനം ഉറപ്പിച്ചത്.
ഇന്ത്യയിലെ ആദ്യ അധിനിവേശ ശക്തികളായ പോര്‍ച്ചുഗീസുകാര്‍ എത്തും മുമ്പേ നിലമ്പൂര്‍ തേക്കുകള്‍ കര കടന്നതായി സൂചനയുണ്ട്. അധിനിവേശ ശക്തികളുടെ കയറ്റുമതി ഇനങ്ങളില്‍ തേക്കിന് പ്രഥമ പരിഗണന ലഭിച്ചതോടെ തേക്കിന്‍ നാടും വിദേശ ശ്രദ്ധയിലേക്കുയര്‍ന്നു. 1948 ല്‍ കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയ പോര്‍ച്ചുഗീസ് നാവികന്‍ വാസ്‌കോഡ് ഗാമ തിരിച്ചു പോകാനുള്ള കപ്പലിന്റെ കൊടിമരം നിര്‍മിച്ചത് നിലമ്പൂര്‍ തേക്കുപയോഗിച്ചാണ്. ഗാമക്ക് തേക്ക് നല്‍കിയതിന്റെ രേഖ ഇന്നും കോവിലകത്ത് സൂക്ഷിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ബക്കിംഗ് ഹാം കൊട്ടാരത്തിന് മോടി പിടിപ്പിച്ചതും ബ്രിട്ടന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 150 വര്‍ഷം പഴക്കമുള്ള ടിങ്കോമാലി എന്ന യുദ്ധ കപ്പല്‍ നിര്‍മിച്ചതും നിലമ്പൂര്‍ തേക്ക് ഉപയോഗിച്ചാണ്. ഏറ്റവുമൊടുവില്‍ ആഢംബര കാറുകളുടെ രാജാവ് ബ്രിട്ടനിലെ റോള്‍സ് റോയിസിന്റെ ഉള്‍വശം രാജകീയമാക്കാനും നിലമ്പൂര്‍ തേക്ക് വേണ്ടി വന്നു.

പ്രകൃതി നിലമ്പൂരിനു സമ്മാനിച്ച തേക്കിന്‍ സൗരഭ്യം നിലനിര്‍ത്താന്‍ ശ്രമമാരംഭിച്ചത് ബ്രിട്ടീഷുകാരാണ്. ഒന്നര നൂറ്റാണ്ട് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ ഗവര്‍ണറായിരുന്ന എച്ച് വി കനോലിയാണ് നിലമ്പൂരില്‍ തേക്ക് സംരക്ഷണ ദൗത്യം നിറവേറ്റാന്‍ മുന്നോട്ട് വന്നത്. കനോലിയുടെ നിര്‍ദേശ പ്രകാരമാണ് നിലമ്പൂരിലെ ആദ്യ തേക്ക് തോട്ടം വെച്ചുപിടിപ്പിച്ചത്. കനോലി പ്ലോട്ട് എന്ന പേരിലറിയപ്പെടുന്ന ഈ തോട്ടമാകാം ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലെ തേക്ക് തോട്ടം. അക്കാലത്തെ ഫോറസ്റ്റ് കണ്‍സര്‍വേറ്ററായിരുന്ന മഞ്ചേരി സ്വദേശി ചാത്തുമേനോനാണ് കനോലി പ്ലോട്ട് യാഥാര്‍ഥ്യമാക്കിയത്.
1841 നും 55നും ഇടയില്‍ 1500 ഏക്കര്‍ സ്ഥലത്ത് തേക്കിന്‍ തൈകള്‍ നട്ടുപിടിപ്പിച്ചു. 1933ല്‍ ചാലിയാര്‍ തീരത്തെ 14.8 ഏക്കര്‍ സ്ഥലത്തെ തേക്കിന്‍ തോട്ടം സംരക്ഷിത പ്ലോട്ടാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധ വേളയില്‍ 9.1 ഏക്കര്‍ സ്ഥലത്തെ തേക്കു തടികള്‍ യുദ്ധാവശ്യങ്ങള്‍ക്കും സഖ്യ സൈനികര്‍ക്ക് നല്‍കാനായും ബ്രിട്ടീഷുകാര്‍ മുറിച്ചു കടത്തി. ബാക്കിയുള്ള 5.7 ഏക്കര്‍ സ്ഥലത്ത് 119 തേക്കു മരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ തേക്കു മരം സ്ഥിതി ചെയ്യുന്നതും കനോലി പ്ലോട്ടില്‍ തന്നെയാണ് 46.5 മീറ്റര്‍ ഉയരവും 420 സെന്റീമീറ്റര്‍ വണ്ണവുമുള്ള തേക്ക് ഭീമനെ വനം വകുപ്പ് പ്രത്യേകം സംരക്ഷിക്കുന്നുണ്ട്. വിദേശികളടക്കമുള്ള ആയിരങ്ങളാണ് തേക്ക് ഭീമനെ കാണാനെത്തുന്നത്. 1895ന് ശേഷം കരുളായി, നെടുങ്കയം, നെല്ലിക്കുത്ത്, അകമ്പാടം, എടക്കോട് ഭാഗങ്ങളിലും പുഴയോരത്ത് തേക്ക് വെച്ച് പിടിപ്പിച്ചു തുടങ്ങി. ചാലിയാറും പോഷക നദികളും കൊണ്ടുവരുന്ന എക്കല്‍ മണ്ണും കാലാവസ്ഥയുമാണ് നിലമ്പൂരില്‍ തേക്ക് വിളയാടാന്‍ ഹേതുവാകുന്നത്. നിലമ്പൂര്‍ - നോര്‍ത്ത്, സൗത്ത് ഡിവിഷനകളിലായി 2500 ഏക്കര്‍ സ്ഥലത്ത് തേക്ക് തോട്ടമുണ്ട്.
തേക്ക് വ്യവസായത്തിലൂടെ ഓരോ വര്‍ഷവും കോടികളുടെ വരുമാനമാണ് വനം വകുപ്പിന് ലഭിക്കുന്നത്. നിലമ്പൂര്‍ അരുവാക്കോട് സെന്‍ട്രല്‍ ഡിപ്പോ, നെടുങ്കയം സെയില്‍സ് ഡിപ്പോ എന്നിവിടങ്ങളില്‍ നടക്കുന്ന തേക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപാരികള്‍ എത്താറുണ്ട്.
ഒരു ക്യുബിക് മീറ്ററിന് രണ്ടര ലക്ഷം രൂപ വരെ നിലമ്പൂര്‍ തേക്കിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുറിച്ചു മാറ്റുന്ന തേക്കുകള്‍ക്ക് പകരമായി വെച്ചു പിടിപ്പിക്കുന്നവ തഴച്ചു വളരാതിരിക്കുന്നത് നിലമ്പൂരിന്റെ തേക്കിന്‍ പെരുമക്ക് മങ്ങലേല്‍ക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
തേക്ക് മരങ്ങളുടെ ചരിത്രവും വളര്‍ച്ചയും പരിപാലനവും അടുത്തറിയാനും ചരിത്ര പ്രാധാന്യമുള്ള തേക്കിന്‍ ഭാഗങ്ങള്‍ കണ്ടറിയാനുമായി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് കെ എഫ് ആര്‍ ഐ നിലമ്പൂരില്‍ തേക്ക് മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്. 1995 മെയ് 21ന് സ്ഥാപിക്കപ്പെട്ട തേക്ക് മ്യസിയം ഇന്ന് മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ജൈവ ഉദ്യാനവും ശലഭ ഉദ്യാനവും തേക്ക് മ്യൂസിയത്തില്‍ ഒരുക്കിയിട്ടുണ്ട്.
മലയോര വികസനത്തിന് പാതയൊരുക്കിയ നിലമ്പൂര്‍ റെയില്‍വേക്ക് നിമിത്തമായതും തേക്കിന്‍ സമ്പത്ത് തന്നെ. ചാലിയാര്‍ പുഴയിലൂടെ മൂന്ന് പകലും രണ്ട് രാത്രിയും കൊണ്ട് തേക്കു തടികള്‍ കല്ലായിയിലെത്തിക്കാനുള്ള ശ്രമകരമായ ദൗത്യത്തിന് അന്ത്യംകുറിക്കാനാണ് 1927 ല്‍ ബ്രിട്ടീഷുകാര്‍ നിലമ്പൂര്‍ റെയില്‍വെ നിര്‍മിച്ചത്. നിലമ്പൂരില്‍ നിന്ന് പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ ജംഗ്ഷന്‍ വരെ നീളുന്ന പാതക്ക് 66 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബ്രോഡ്‌ഗേജ് റെയില്‍വേയാണ് ഇത്.

Keywords: Nilambur, Teak, Article, Nilambur teak
Like KVARTHA on FACEBOOK
Like MalappuramVartha on FACEBOOK


0 Comments
Tweets
Comments

0 comments:

Post a Comment

for MORE News select date here