ചരിത്രമുഹൂര്‍ത്തം; മെഡിക്കല്‍ കോളജ് ജില്ലക്ക് സ്വന്തം

മഞ്ചേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മലപ്പുറം ജില്ലക്ക് സ്വന്തമായ ദിനം. ഒരു നാടിന്റെ സ്പന്ദനം ആഹ്ലാദത്താല്‍ മിടിക്കുകയായിരുന്നു. സ്വപ്‌നം യാഥാര്‍ഥ്യമായപ്പോള്‍ നാടിന്റെ ആഘോഷങ്ങള്‍ക്ക് അതിരുകളില്ലായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു എത്തിയ ജനം ചരിത്രമൂഹൂര്‍ത്തം അവിസ്മരണീയമാക്കി. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തപ്പോള്‍ നാടും നഗരവും ഉത്സവലഹരിയിലായി. മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പാക്കുവാന്‍ കഴിയുന്ന മെഡിക്കല്‍ കോളേജ് വേണമെന്ന ആവശ്യമാണ് യാഥാര്‍ഥ്യമായത്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
100 സീറ്റുകളാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്. ഒന്നാം വര്‍ഷത്തേയ്ക്കുള്ള ക്ലാസ് മുറികള്‍, ലാബുകള്‍, ലൈബ്രറി, ലക്ചര്‍ ഹാളുകള്‍, ഡെമോണ്‍സ്‌ട്രേഷന്‍ ഹാളുകള്‍ തുടങ്ങിയവ സജ്ജമാക്കി. അടുത്ത വര്‍ഷങ്ങളിലേക്കുള്ള അക്കാദമിക് ബ്ലോക്ക് ഹോസ്റ്റലുകള്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ നിര്‍മാണവും അടുത്തദിവസം തന്നെ ആരംഭിക്കും. താത്കാലികമായി വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ മൂന്നു, നാലു നിലകളിലാണ്. 23 ഏക്കര്‍ സ്ഥലമാണ് കോളജിനായി ഏറ്റെടുത്തിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മ്മിച്ച അഞ്ച് നില കെട്ടിടത്തിന് പുറമേ ഒരു നില കൂടി നിര്‍മിച്ചിട്ടുണ്ട്. കിറ്റ്‌കോയ്ക്കാണ് നിര്‍മാണ ചുമതല. തുടക്കത്തില്‍ ജനറല്‍ ആശുപത്രി കോളജിനൊപ്പം ഉണ്ടാവും. പിന്നീട് ഇത് മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലേക്ക് കൊണ്ടുവരും. അപ്പോഴേയ്ക്കും കോളേജില്‍ ചികിത്സയും ആരംഭിക്കും. അഞ്ചു വര്‍ഷം കൊണ്ട് മികവുറ്റ ചികിത്സ നല്‍കാന്‍ കഴിയുന്ന കേന്ദ്രമായി ഇത് മാറുമെന്നാണ് അധികൃതര്‍ നല്‍കുന്ന വാഗ്ദാനം. പുതുതായി പ്രഖ്യാപിച്ച ആറ് മെഡിക്കല്‍ കോളജുകളില്‍ ആദ്യത്തേതാണ് മഞ്ചേരിയില്‍ തുടങ്ങിയത്. 34 വര്‍ഷത്തിന് ശേഷം സംസ്ഥാനത്ത് പൂര്‍ണമായും സര്‍ക്കാര്‍ മേഖലയില്‍ തുടങ്ങുന്ന മെഡിക്കല്‍ കോളജ് എന്ന സവിശേഷതയും ഉണ്ട്. മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്തുകയായിരുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനവും പുരോഗമിക്കുകയാണ്. 100 കിടക്കകളുള്ള ആശുപത്രിയാണ് അനുവദിച്ചത്. അടുത്ത വര്‍ഷത്തോടെ മാത്രമേ ഇവിടെ രോഗികളെ ചികിത്സിക്കല്‍ തുടങ്ങുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ഡോ.പി.വി. നാരായണനാണ് പ്രിന്‍സിപ്പല്‍. 2011 മാര്‍ച്ചിലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ മഞ്ചേരി ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ കോളേജുകളുടെ ബജറ്റ് പ്രഖ്യാപനം ഉണ്ടായത്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم