സംഘങ്ങളായി സ്വയംതൊഴില്‍ സംരംഭം തുടങ്ങാം


മലപ്പുറം: സ്വയംതൊഴില്‍ സംരഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാവുകയാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്‌സ് ആന്‍ഡ് ജോബ് ക്ലബ്‌സ്. വിവിധ തൊഴിലുകളില്‍ വൈദഗ്ധ്യമുള്ള തൊഴില്‍രഹിതരെ രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങളുള്ള ചെറു സംഘങ്ങളായി സംഘടിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ ലഭ്യമാക്കി സ്വയം തൊഴില്‍ ക്ലബ്ബുകള്‍ രൂപവത്കരിക്കുകയാണ് പദ്ധതി.
2007 മുതല്‍ ആരംഭിച്ച പദ്ധതിയില്‍ 74 അംഗങ്ങളുള്ള 25 ക്ലബ്ബുകളാണ് ജില്ലയിലുള്ളത്. മെഡിക്കല്‍ ഷോപ്പ്, കംപ്യൂട്ടര്‍ സര്‍വീസ് സ്‌റ്റോര്‍, ഓഫ് സെറ്റ് പ്രിന്റ്ിങ് യൂനിറ്റ്, മോബൈല്‍ ഫോണ്‍ സര്‍വീസ് സ്‌റ്റോര്‍ , ലഘുഭക്ഷണശാല, പോള്‍ട്രി ഫാം എന്നിവയാണ് പ്രധാന സംരംഭങ്ങള്‍. ഇവയ്ക്ക് ഇതുവരെ 12 കോടി ലോണ്‍ അനുവദിച്ചിട്ടുണ്ട്. പ്രൊഫഷനല്‍ - സാങ്കേതിക യോഗ്യതയുള്ളവര്‍, തൊഴില്‍രഹിതവേതനം കൈപറ്റുന്നവര്‍, ഐ.റ്റി.ഐ, ഐ.റ്റി.സി, പോളിടെക്‌നിക്കുകളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പദ്ധതിയില്‍ കൂടുതലും സ്ത്രീകള്‍ അംഗങ്ങളായ ക്ലബ്ബുകളാണ്. പദ്ധതി പ്രകാരം ഒരു ജോബ് ക്ലബ്ബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചിലവിന്റെ 25% വരെ സബ്‌സിഡിയായി നല്‍കും. ജില്ലയിലെ ദേശസാല്‍കൃത, സഹകരണ, റൂറല്‍ ബാങ്കുകല്‍ വഴി നടപ്പിലാക്കുന്ന പദ്ധതിയില്‍ ജോബ് ക്ലബ്ബ് ഗുണഭോക്താക്കള്‍ക്ക് ലീഡ് ബാങ്കിന്റെ പരിശീലന കേന്ദ്രമായ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയ്‌നിംങ് ഇന്‍സ്റ്റിറ്റിയൂട്ട് മുഖേന സൗജന്യ സംരഭകത്വവികസന പരിശീലനവും നല്‍കി വരുന്നുണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم